< Back
Saudi Arabia
Attacking civilians in Gaza is unjustifiable Says Saudi Arabia
Saudi Arabia

ഗസയിലെ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാകില്ല; സൗദി അറേബ്യ

Web Desk
|
8 Oct 2023 11:14 PM IST

എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളും നിയമങ്ങളും മാനിക്കണം.

ജിദ്ദ: ഗസയിലെ നിരായുധരായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് സൗദി അറേബ്യ. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്കയോടും യൂറോപ്യൻ യൂണിയനോടും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പരിഹാരം കാണുന്നതിനായി ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായും സൗദി അറേബ്യ ചർച്ച നടത്തി.

എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളും നിയമങ്ങളും മാനിക്കണം. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മേഖലയിലെ സ്ഥിതിഗതികള്‍ ഇരുവരും വിലയിരുത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാനുമുള്ള ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം പങ്കുചേരണം. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ സുരക്ഷാ വകുപ്പ് ഉന്നത പ്രതിനിധിയുമായും സൗദി വിദേശകാര്യമന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തി.

വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിൻ്റെ പ്രകോപനപരമായിട്ടുള്ള നടപടികളാണ് ഇത്തരം സംഭവങ്ങൾക്ക് വഴിവെക്കുന്നതെന്ന് ഇന്നലെത്തന്നെ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.

Similar Posts