
ഹറമുകളിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി, അഞ്ചു കോടിയിലേറെ തീർഥാടകരാണ് കഴിഞ്ഞ മാസം മക്കയിലും മദീനയിലുമായി എത്തിയത്
|റബീഉൽ ആഖിർ മാസത്തിലാണ് തീർഥാടക പ്രവാഹമുണ്ടായത്
റിയാദ്: മക്ക മദീന ഹറമുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വർധനവ്. അഞ്ചു കോടിയിലേറെ തീർഥാടകരാണ് കഴിഞ്ഞ മാസം ഇരുഹറമുകളിലുമായി എത്തിയത്. റബീഉൽ ആഖിറിലാണ് തീർഥാടക പ്രവാഹമുണ്ടായത്. മക്കയിലെ മസ്ജിദുൽ ഹറാമിലും മദീന പ്രവാചക പള്ളിയിലും റബീഉൽ അവ്വൽ മാസത്തിന് ശേഷവും വിശ്വാസികളുടെ എണ്ണത്തിൽ വർധനവുണ്ടായി. കഴിഞ്ഞ മാസം മാത്രം എത്തിയത് 5 കോടി 45 ലക്ഷത്തിലേറെ വിശ്വാസികളാണ്. റബീഉൽ അവ്വൽ മാസത്തിലാണ് റെക്കോർഡ് വർധന. മസ്ജിദുന്നബവിയിൽ മാത്രം രണ്ട് കോടി 11 ലക്ഷത്തി ലേറെ വിശ്വാസികളെത്തി.
റൗളാ ശരീഫ് സന്ദർശിച്ചത് 20 ലക്ഷം പേരാണ്. അതേസമയം ഉംറയ്ക്ക് എത്തുന്ന തീർഥാടകരിലും വർധനവുണ്ടായി. സീസൺ തുടങ്ങിയത് മുതൽ 1കോടി11ലക്ഷം തീർത്ഥാടകർ ഉംറ നിർവഹിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിൽ 1.7 കോടി പേരും ഈ മാസത്തിൽ പ്രാർഥനയ്ക്കെത്തിയതായും ഇരുഹറം കാര്യ വിഭാഗം അറിയിച്ചു. ഇരുഹറമുകളിലെ പ്രധാന പ്രവേശന കവാടങ്ങളിലുള്ള സെൻസർ സംവിധാനത്തിലൂടെയാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദർശകർക്കുള്ള സേവനങ്ങൾ നിരീക്ഷിക്കുന്നതിനും സെൻസറുകൾ സഹായിക്കുന്നു.