
സൗദിയിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻവർധന
|കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിദേശികൾ സ്വന്തം നാട്ടിലേക്ക് അയച്ചത് 6,322 കോടി റിയാൽ
കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിദേശികൾ സ്വന്തം നാട്ടിലേക്ക് അയച്ചത് 6,322 കോടി റിയാൽ. കോവിഡ് കാരണം വിദേശികളുടെ മടക്കം വൈകുന്നതാണ് പണമിടപാട് വർധിക്കാൻ കാരണമായി കരുതപ്പെടുന്നത്.
സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് വിദേശ പണമിടപാടിൽ പോയ മാസങ്ങളിലെ വർധന പ്രകടമാവുന്നത്. രാജ്യത്തെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിദേശികൾ സ്വദേശങ്ങളിലേക്ക് ആറായിരം കോടിയിലേറെ റിയാൽ അയച്ചത്. മുൻവർഷം ഇതേ കാലയളവിൽ 5,548 കോടി റിയാലായിരുന്നിടത്താണ് ഈ വർധന.
ഈ വർഷം ആദ്യത്തെ അഞ്ച് മാസങ്ങൾക്കിടെ 774 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രവാസിയുടെ ശരാശരി പ്രതിശീർഷ റെമിറ്റൻസിലും ഇത് വർധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 19,124 റിയാലായിരുന്ന പ്രതിശീർഷ റെമിറ്റൻസ് 23,910 റിയാലായി ഉയർന്നു. ഇതോടെ രാജ്യത്തെ വിദേശികളുടെ മൊത്തം റെമിറ്റൻസ് തുക രാജ്യത്തെ സ്വകാര്യ മേഖലയിലെ ആഭ്യന്തര ഉൽപാദനത്തിന്റെ 11.3 ശതമാനം വരുമെന്നും കണക്കുകൾ പറയുന്നു.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വൈകുന്നതാണ് പണമിടപാട് വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഹാമാരിക്കിടയിൽ ഭൂരിഭാഗം പേരും നിരവധി പ്രതിസന്ധികൾക്കിടയിലാണ് സൗദിയിൽ തന്നെ കഴിയുന്നത്.