
സി.ബി.എസ്.ഇ 10, 12 പരീക്ഷാ ഫലം; റിയാദ് അൽ യാസ്മിൻ സ്കൂളിനും മികച്ച വിജയം
|റിയാദ്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ മികച്ച വിജയം നേടി. 10ാം ക്ലാസിൽ പരീക്ഷയെഴുതിയ എല്ലാ കുട്ടികളും മികച്ച പ്രകടനത്തിലൂടെ വിജയിച്ചു. ഹമദ് അഹ്മദ് 97.6 ശതമാനത്തോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. സാഫിറ അംബരീൻ (97), എം. ഫാത്തിമ ഡാനിയ (95.6) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. 15 കുട്ടികൾ 90 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 12ാം ക്ലാസ് സയൻസ് വിഭാഗത്തിൽ തരുൺ ആദിത്യ 96 ശതമാനത്തോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഹാനിയ ഹൈദർ (95.4), കെ. അനസ് ബിൻ സിദ്ദീഖ് (93.8) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. കൊമേഴ്സ് വിഭാഗത്തിൽ അഫ്ല മുസ്തഫ 96.4 ശതമാനത്തോടെ ഒന്നാം റാങ്കിന് അർഹയായി. മുഹമ്മദ് സഫ്വാൻ (91.4), മിലാൻ പ്രീതിക ജോഷ്യൻ (87) തുടങ്ങിയവർ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. മുഹമ്മദ് മാസിൻ, മുഹമ്മദ് സൈനുദ്ദീൻ എന്നിവർ അറബിക്കിലും അനസ് ബിൻ സിദ്ദിഖ്, ഹാനിയ ഹൈദർ എന്നിവർ കമ്പ്യൂട്ടർ സയൻസിലും 100 ശതമാനം മാർക്ക് കരസ്ഥമാക്കി. കൂടാതെ സയൻസിലും കോമേഴ്സിലുമായി എട്ടു കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കി. അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ മാനേജ്മെന്റ്, കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന, എക്സാം കൺട്രോളർ, ഹെഡ്മാസ്റ്റർമാർ, ഹെഡ്മിസ്ട്രസ്, സ്റ്റാഫ് എന്നിവർ കുട്ടികളെ അനുമോദിച്ചു.