< Back
Saudi Arabia
Changes in banking rates in Saudi Arabia; Various service rates reduced
Saudi Arabia

സൗദിയിലെ ബാങ്കിങ് നിരക്കുകളിൽ മാറ്റം; വിവിധ സേവന നിരക്കുകൾ കുറച്ചു

Web Desk
|
23 Dec 2025 10:32 PM IST

പ്രവാസികൾക്കും സ്വദേശികൾക്കും ഗുണമാവും

ജിദ്ദ:സൗദിയിലെ ബാങ്കിങ് സേവന നിരക്കുകൾ കുറച്ച് സെൻട്രൽ ബാങ്ക്. ട്രാൻസ്ഫറിനുള്ള തുകയും കാർഡുകൾ റീ ഇഷ്യൂ ചെയ്യാനുള്ള നിരക്കുകളും കുറച്ചു. അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള നിരക്ക് രണ്ട് ശതമാനമായും നിശ്ചയിച്ചു. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പ്രവാസികൾക്കും സ്വദേശികൾക്കും ഗുണമാകുന്നതാണ് പ്രഖ്യാപനം.

അന്താരാഷ്ട്ര ട്രാൻസാക്ഷൻ ഫീസ് 2% ആയി കുറച്ചതാണ് പ്രധാന മാറ്റം. ഗൾഫ് രാജ്യങ്ങൾക്ക് പുറത്ത് മദ കാർഡ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണം പിൻവലിക്കലിന് മൂല്യത്തിന്റെ മൂന്ന് ശതമാനമായും ഫീ നിരക്ക് കുറച്ചു. പരമാവധി തുക 25 റിയാലായും നിശ്ചയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇത് ബാധകമല്ല.

രാജ്യത്തിനുള്ളിൽ 2500 റിയാൽ വരെ ട്രാൻസ്ഫർ നടത്താൻ ഇനി ഫീസായി 50 ഹലാല മതി. അതിന് മുകളിലുള്ള തുകയ്ക്ക് ഒരു റിയാലും മാത്രമായിരിക്കും ഫീസ്. ഒരു വർഷത്തിന് താഴെയുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനും സർട്ടിഫിക്കറ്റുകൾക്കും ഫീസ് നൽകേണ്ടതില്ല. മദ കാർഡ് റീ ഇഷ്യൂ ചെയ്യാനുള്ള ഫീ പരമാവധി പത്ത് റിയാലായും നിശ്ചയിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഒഴികെയുള്ള വായ്പക്ക് ഈടാക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകൾക്ക് വായ്പയുടെ ഒരു ശതമാനം അല്ലെങ്കിൽ പരമാവധി 5000 റിയാൽ വരെയായിരുന്നു ഫീസ്. ഇത് പരമാവധി 2500 റിയാൽ ആയും നിശ്ചയിച്ചു. ഉപഭോക്തൃ വായ്പകൾക്കും വാഹനവായ്പകൾക്കും ആശ്വാസമാകുന്നതാണ് നടപടി. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. പുതിയ നിരക്കുകൾ 60 ദിവസത്തിനുള്ളിൽ നടപ്പാക്കണം.

Similar Posts