< Back
Saudi Arabia
സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു
Saudi Arabia

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

Web Desk
|
17 Sept 2021 9:20 PM IST

ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ കമ്പനികളാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തി വന്നിരുന്നത്.

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. സൗദി അറേബ്യ അയല്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതോടെ കൂടുതല്‍ കണക്ഷന്‍ സര്‍വീസുകള്‍ക്ക് തുടക്കമായി. ഇത് ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയതാണ് കാരണം.

നാട്ടിലേക്ക് മടങ്ങുന്നതിന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകളായിരുന്നു സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കിയാണ് ചര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തി വന്നിരുന്നത്. ഇതിനിടെ നിയന്ത്രണങ്ങള്‍ നീങ്ങി അയല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു.

ഇതോടെ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇതാണ് ചാര്ട്ടേഡ് സര് വീസുകളെ പ്രതിസന്ധിയിലാക്കിയത്. നിരക്കിളവും കൂടുതല്‍ ലഗേജ് അനുവദിക്കുന്നതുമാണ് യാത്രക്കാരെ കണക്ഷന് സര്‍വീസുകള്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്. ഒപ്പം യാത്രക്കാര്‍ കുറയുമ്പോള്‍ മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുന്നതും ചാര്‍ട്ടേഡ് സര്‍വീസുകള്ക്ക് വിനയായി.

യു.എ.ഇ. ഖത്തര്‍, ബഹറൈന്‍, ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കുന്നത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ കമ്പനികളാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തി വന്നിരുന്നത്.

Related Tags :
Similar Posts