
സി.പി.എം ഭൂരിപക്ഷ പ്രീണനം നടത്തി ഭരണ തുടർച്ചക്ക് ശ്രമിക്കുന്നു; ആരോപണവുമായി ജ്യോതികുമാർ ചാമക്കാല
|ദമ്മാമിലെ ഒ.ഐ.സി.സിയുടെ അമൃതം പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പരാമർശം
ദമ്മാം: ഭൂരിപക്ഷ പ്രണയം നടിച്ച് ഭരണ തുടർച്ചക്ക് ശ്രമിക്കുന്നത് സി.പി.എമ്മിൻറെ രാഷ്ട്രീയ പാപ്പരതയാണ് തുറന്ന് കാട്ടുന്നതെന്ന് കെ.പി.സി.സി മുൻ ഭാരവാഹി ജ്യോതികുമാർ ചാമക്കാല. ദമ്മാമിലെ ഒ.ഐ.സി.സിയുടെ അമൃതം പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പരാമർശം. ശബരിമല സ്വർണം പൂശൽ വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദൂരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ചതെന്നും ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർഡ് വിഭജനത്തിലെ ക്രമക്കേട് സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള കൂട്ട് കെട്ടിൻറെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നത് തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണ്. സ്‌കൂളിലെ ഉച്ചകഞ്ഞി പോലും നേരാം വണ്ണം കൊടുക്കാൻ കഴിയാത്ത സർക്കരാണ് ഇതിനെ കുറിച്ച് വാചാലനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ഭാരവാഹികളായ അഹമ്മദ് പുളിക്കൽ, ബിജു കല്ലുമല, ഇ,കെ സലീം, ശിഹാബ് കായംകുളം, പ്രമോദ് പൂപ്പാല, സുരേഷ് റാവുത്തർ എന്നിവർ സംബന്ധിച്ചു.