< Back
Saudi Arabia
Cristiano Ronaldo confirms he will stay at Al Nassr
Saudi Arabia

'അൽ നസ്‌റിൽ തുടരും'; സ്ഥിരീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Web Desk
|
9 Jun 2025 10:24 PM IST

ഒരു വർഷത്തേക്ക് 1700 കോടിയാണ് സൗദിയിൽ നിന്ന് ലഭിക്കുന്നത്

റിയാദ്: യുവേഫ നേഷൻസ് ലീഗ് ജേതാവായതിന് പിന്നാലെ അൽ നസ്‌റിൽ തുടരുമെന്ന് സ്ഥിരീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താരം തന്നെ നേരിട്ട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു വർഷത്തേക്ക് 1700 കോടിയാണ് സൗദിയിൽ നിന്ന് ലഭിക്കുന്നത്.

രണ്ട് ചോദ്യങ്ങൾ രണ്ട് മറുപടി. അതിലൂടെ അൽ നസ്‌റിൽ തുടരുമെന്ന് വ്യക്തമാക്കുകയാണ് ക്രിസ്റ്റ്യാനോ. 40ാം വയസ്സിൽ അസാമാന്യ പ്രകടനത്തിലൂടെ യുവേഫ കിരീടം നേടിയ പോർച്ചുഗൽ താരത്തോട് നസ്‌റിൽ തുടരുമോ എന്ന് ആദ്യ ചോദ്യം. ഒന്നും മാറാൻ പോകുന്നില്ല എന്ന് മറുപടി. അൽനസ്‌റിന്റെ കാര്യമോ എന്ന് മാധ്യമങ്ങളുടെ തുടർ ചോദ്യം. തുടരുമെന്ന് താരം വ്യക്തമാക്കി. പിന്നാലെ വിശദീകരണം ഇങ്ങിനെ. എനിക്കെത്ര പ്രായമായെന്ന് നിങ്ങൾക്കറിയാം. തുടക്കത്തിലുള്ളത് പോലെയല്ല. കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്. പക്ഷേ, ഇപ്പോഴും ഓരോ നിമിഷവും ഞാനാസ്വദിക്കുന്നു. വലിയ പരിക്കുകളൊന്നും സംഭവിച്ചില്ലെങ്കിൽ ഞാനിതു പോലെ തുടരും. ഇതാണ് വാക്കുകൾ.

2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തിയത്. മാഞ്ചസ്റ്ററിൽ നിന്ന് അൽ നസ്‌റിലേക്കുള്ള കൂടുമാറ്റം. രണ്ട് വർഷത്തേക്ക് 3400 കോടിയിലേറെ രൂപ മൂല്യമുള്ള കരാർ. പക്ഷേ ക്രിസ്റ്റ്യാനോയും പ്രൊമോഷനിലൂടെ സൗദിയും അൽ നസ്‌റും കരാർ മുതലാക്കി. അത്ര കാഴ്ചക്കാരില്ലാതിരുന്ന സൗദി പ്രോ ലീഗിലേക്ക് കാഴ്ചക്കാരെത്തി. സ്റ്റേഡിയങ്ങൾ നിറഞ്ഞു നിന്നു. എന്നാൽ ക്ലബ്ബിന് വേണ്ട വിധം പ്രകടനം സാധ്യമായിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ മികവിനനുസരിച്ച് ടീം ഉയർന്നില്ല. ഇതോടെയാണ് താരം വിടുമെന്ന വാർത്തകൾ വന്നതും. സൗദി പ്രോ ലീഗിലെ ഫൈനൽ ലാപ്പിലെ മത്സരങ്ങളിലും തോറ്റതോടെ മാറ്റം വേണമെന്ന ക്രിസ്റ്റ്യാനോയുടെ പോസ്റ്റും ചർച്ചയായിരുന്നു. മികച്ച താരങ്ങളെ ടീമിലെത്തിച്ച് അൽനസ്‌റിനെ കരുത്തുറ്റ ടീമാക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

Similar Posts