< Back
Saudi Arabia
സൗദിയിൽ വാടക കെട്ടിടങ്ങൾക്ക് ഡിമാന്റ് വർധിച്ചു; താമസ കെട്ടിടങ്ങൾക്കും വാടക കൂടിയേക്കും
Saudi Arabia

സൗദിയിൽ വാടക കെട്ടിടങ്ങൾക്ക് ഡിമാന്റ് വർധിച്ചു; താമസ കെട്ടിടങ്ങൾക്കും വാടക കൂടിയേക്കും

Web Desk
|
14 Nov 2021 9:49 PM IST

മേഖലാ ഓഫീസ് സൗദിയിലില്ലാത്ത കമ്പനികൾക്ക് കരാർ നൽകില്ലെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെയാണ് കോർപറേറ്റ് കമ്പനികൾ റിയാദിലെത്തുന്നത്

സൗദിയിലെ റിയാദിൽ അന്താരാഷ്ട്ര കമ്പനികൾ കൂടുതൽ എത്തിയതോടെ ഓഫീസ് കെട്ടിടങ്ങൾക്ക് ആവശ്യം വർധിച്ചു. മുൻനിര കെട്ടിടങ്ങളുടെ ഓഫീസ്, താമസ വാടകയും ഉയരുന്നുണ്ട്. മേഖലാ ഓഫീസ് സൗദിയിലില്ലാത്ത കമ്പനികൾക്ക് കരാർ നൽകില്ലെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെയാണ് കോർപറേറ്റ് കമ്പനികൾ റിയാദിലെത്തുന്നത്.

നാൽപ്പത്തി നാല് അന്താരാഷ്ട്ര കമ്പനികൾ, അവരുടെ മേഖലാ ആസ്ഥാനം റിയാദിൽ സ്ഥാപിക്കുന്നതിന് കരാർ ഒപ്പു വെച്ചിരുന്നു. 2023നകം മേഖലാ ഓഫീസ് സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകില്ലെന്നാണ് സൗദിയുടെ തീരുമാനം. നിലവിലുള്ള കരാറുകൾ റദ്ദാക്കുകയും ചെയ്യും കിരിടാവകാശിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇത്. പത്ത് വർഷത്തിനുള്ളിൽ 480 കമ്പനികൾ കൂടി സൗദിയിലെത്തും. ഇതിന് ശേഷം മുൻനിര കെട്ടിടങ്ങൾക്ക് ഡിമാന്റ് വർധിച്ചു. മൂന്ന് ശതമാനമാണ് കെട്ടിട വാടകയിലെ വർധന. അന്താരാഷ്ടട റിയൽ എസ്റ്റേറ്റ് ഏജൻസികളുടേതാണ് കണക്ക് ഡിസംബറിനകം റിയാദിലെ കെട്ടിടങ്ങൾക്കുള്ള ഡിമാന്റ് ഒൻപത് ശതമാനത്തോളം വർധിക്കും. ലോകത്തെ പ്രമുഖ കമ്പനികളായ സാംസങ്, സീമെൻസ്, പെപ്‌സികോ, യുണിലിവർ, ഫിലിപ്‌സ്, ചൈനയിലെ ദീദി എന്നീ കമ്പനികൾ ഓഫീസ് സ്ഥാപിച്ചു കഴിഞ്ഞു. പുതിയ നീക്കം സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് 18 ബില്യൺ ഡോളർ കൊണ്ടുവരുമെന്നാണ് നിക്ഷേപ മന്ത്രാലയത്തിന്റ കണക്ക്. ഗൂഗിളിന്റെ മൊബിലിറ്റി ഡാറ്റ അനുസരിച്ച്, സൗദിയിൽ ഓഫീസ് സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കോവിഡിന് മുന്നേയുള്ള സാഹചര്യത്തേക്കാൾ കൂടുതലാണിത്. റിയാദിലെ ഡിജിറ്റൽ സിറ്റി, ഫിനാൻഷ്യൽ ഡിസ്ട്രിക്ട് എന്നിവിടങ്ങളിലും, ഒലയ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിലാണ് കമ്പനികളുടെ കണ്ണ്. ഇതിനാൽ തന്നെ ഈ മേഖലയിൽ താമസ കെട്ടിടങ്ങൾക്കും വാടക വർധിക്കുമെന്നാണ് റിപ്പോർട്ട്. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും സൗദിയിൽ കരാറുള്ള ചെറുതും വലുതുമായ കമ്പനികൾ സൗദിയിലേക്ക് ഓഫീസ് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

Similar Posts