< Back
Saudi Arabia
Deportes 2.0 excites Jeddah; Red House wins sports title
Saudi Arabia

ജിദ്ദയെ ആവേശത്തിലാഴ്ത്തി 'ഡിപോർട്ടസ് 2.0'; കായിക കിരീടം റെഡ് ഹൗസിന്

Web Desk
|
3 Feb 2026 11:56 AM IST

ജനുവരി 23-ന് ഉച്ചയ്ക്ക് 4 മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി 11 മണി വരെ നീണ്ടുനിന്നു

ജിദ്ദ: പ്രവാസലോകത്തെ വനിതകൾക്ക് ആവേശവും ഉന്മേഷവും പകർന്ന് വുമൺ ഓഫ് വിസ്ഡം (WOW) ലേഡീസ് ക്ലബ്ബ് സംഘടിപ്പിച്ച 'ഡിപോർട്ടസ് 2.0' ജിദ്ദയിലെ അൽ ഹറസാത്തിലെ സ്പോർട്സ് വില്ലയിൽ അരങ്ങേറി. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വനിതകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിനൊടുവിൽ റെഡ് ഹൗസ് ചാമ്പ്യന്മാരായി. ഗ്രീൻ, റെഡ്, ബ്ലൂ, യെല്ലോ എന്നിങ്ങനെ നാല് ടീമുകളായി തിരിഞ്ഞ് നടന്ന മത്സരങ്ങളിൽ മികച്ച കായികക്ഷമതയും ടീം വർക്കും കാഴ്ചവെച്ചാണ് റെഡ് ഹൗസ് പോയിന്റ് നിലയിൽ ഒന്നാമതെത്തിയത്.

ജനുവരി 23-ന് ഉച്ചയ്ക്ക് 4 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീണ്ടുനിന്ന കായിക മാമാങ്കത്തിന് ജെസ്സി സുബൈറിന്റെ സ്വാഗത പ്രസംഗത്തോടെയാണ് തുടക്കമായത്. തുടർന്ന് കായികതാരങ്ങളെ മത്സരത്തിനായി സജ്ജരാക്കാൻ ഹസ്‌ന സനം നയിച്ച ഊർജ്ജസ്വലമായ വാം-അപ്പ് സെഷൻ നടന്നു. വേഗതയും തന്ത്രവും ഒത്തുചേർന്ന ടർബോ റേസ്, വെല്ലുവിളികൾ നിറഞ്ഞ ഒബ്‌സ്റ്റക്കിൾ റേസ്, ഏകാഗ്രത പരിശോധിച്ച കപ്പ് ബാലൻസ് തുടങ്ങി കായികക്ഷമതയും വിനോദവും ഒത്തുചേർന്ന നിരവധി മത്സരങ്ങൾ മേളയ്ക്ക് മാറ്റ് കൂട്ടി.

മത്സരത്തിലെ ഏറ്റവും വലിയ ആകർഷണം രാത്രിയിൽ നടന്ന വടംവലി ആയിരുന്നു. കാണികളെയും മത്സരാർത്ഥികളെയും ഒരുപോലെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച വടംവലി മത്സരത്തിൽ ടീമുകൾ കരുത്തും തന്ത്രവും മാറ്റുരച്ചു. പ്രവാസത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് വനിതകൾക്കായി സംഘടിപ്പിക്കപ്പെട്ട കായിക സംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

ക്ലബ്ബ് ഭാരവാഹികളായ ഫസ്‌ന സുബൈർ, ജെസ്സി സുബൈർ, ഷംന സനൂജ്, റെജിന നബീൽ, ഹസ്‌ന സനം, ഹന്ന ഫാത്തിമി, ഫെബി ഷാമിൽ, സഫ കരുമാര, സുമിന കുട്ടിയാലി എന്നിവരാണ് കായിക മേളയ്ക്ക് നേതൃത്വം നൽകിയത്. പരിപാടിയുടെ വിജയകരമായ സമാപനത്തിൽ ഫസ്‌ന സുബൈർ നന്ദി രേഖപ്പെടുത്തി.

Similar Posts