< Back
Saudi Arabia
Dileep Kumar Chellappan, an expatriate Malayali died in Saudi
Saudi Arabia

12 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം; സൗദിയിൽ മലയാളി യാത്രയുടെ തലേന്ന് മരിച്ചു

Web Desk
|
14 Aug 2025 5:30 PM IST

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം

ദമ്മാം: സൗദിയിലെ ദമ്മാമില്‍ 12 വർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58)യാണ് മരിച്ചത്. വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്പത് വർഷമായി താമസരേഖയും മെഡിക്കൽ ഇൻഷൂറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്‌റഫ് കണ്ണൂരിന്റെ നേതൃത്വത്തിൽ ചികിത്സ സൗകര്യങ്ങൾ നൽകി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഫൈനൽ എക്‌സിറ്റും നേടി. ഒടുവിൽ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുലർച്ചയോടെ മരിച്ചത്.

പന്ത്രണ്ട് വർഷം മുമ്പ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചിരുന്നു. തുടർന്നാണ് നാട്ടിലേക്കുള്ള പോക്കുവരവുകൾ നിന്നത്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകും.

Similar Posts