
ഡ്രോൺ ലോകകപ്പിന് നാളെ റിയാദിൽ തുടക്കം; 50ലധികം രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർ പങ്കെടുക്കും
|റിയാദ്: സൗദിയിൽ നാളെ മുതൽ ഡ്രോൺ വേൾഡ് കപ്പിന് തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായാണ് വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്. 50ലധികം രാജ്യങ്ങളിൽ നിന്നുള്ള ഡ്രോൺ പൈലറ്റുമാറിയിരിക്കും വേൾഡ് കപ്പിൽ പങ്കെടുക്കുക. ഒരു കോടി റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നീ മേഖലകളിൽ ആദ്യമായാണ് ഡ്രോൺ വേൾഡ് കപ്പ് നടക്കുന്നത്.
റിയാദ് സീസണിന്റെ ഭാഗമായ വേൾഡ് കപ്പ്, നാളെ ആരംഭിച്ച് ശനിയാഴ്ച വരെ നീണ്ടു നിൽക്കും. വേൾഡ് എയർ സ്‌പോർട്‌സ് ഫെഡറേഷൻ, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി ആൻഡ് പ്രോഗ്രാമിംഗ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വേൾഡ് കപ്പ് നടക്കുക. ബൊളിവാർഡ് സിറ്റിയിലായിരിക്കും മത്സരങ്ങൾ. മാർച്ച് വരെ നീളുന്ന വിവിധ പരിപാടികളാണ് സീസണിന്റെ ഭാഗമായി തുടർന്ന് കൊണ്ടിരിക്കുന്നത്. webook.com എന്ന സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.