< Back
Saudi Arabia
Saudi Arabia
സൗദിയിൽ ഞായറാഴ്ച പെരുന്നാളിന് സാധ്യത: സൗദി മജ്മഅ് സർവകലാശാല
|24 March 2025 10:14 AM IST
ശനിയാഴ്ച സൂര്യാസ്തമയം 6.12ന്, ചന്ദ്രൻ അസ്തമിക്കുക 8 മിനിറ്റ് കഴിഞ്ഞ് 6.20ന്
റിയാദ്: സൗദിയിൽ ഞായറാഴ്ച പെരുന്നാളിന് സാധ്യതയെന്ന് പ്രവചനം. സൗദിയിൽ റമദാൻ 29 ശനിയാഴ്ചയാണ്. അന്നേ ദിവസം രാജ്യത്ത് മാസപ്പിറവി നിരീക്ഷിക്കും. ശനിയാഴ്ച സൂര്യാസ്തമയം 6.12നാണ്. ചന്ദ്രൻ അസ്തമിക്കുക 8 മിനിറ്റ് കഴിഞ്ഞ് 6.20നും. ആകാശം തെളിഞ്ഞു നിൽക്കുമെന്നാണ് നിലവിലെ കാലാവാസ്ഥാ പ്രവചനം. അങ്ങിനെയെങ്കിൽ ഞായറാഴ്ച പെരുന്നാളാകുമെന്ന് റിയാദ് മജ്മഅ് സർവകലാശാല വിലയിരുത്തി. ശനിയാഴ്ച രാജ്യത്തുടനീളം മാസപ്പിറവി നിരീക്ഷിക്കാനും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
സൂര്യനുദിച്ച് 15 മിനിറ്റ് കഴിയുമ്പോഴാകും രാജ്യത്ത് എല്ലായിടത്തും പെരുന്നാൾ നമസ്‌കാരത്തിന് തുടക്കമാവുകയെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തവണ മികച്ച കാലാവസ്ഥയിലാണ് റമദാൻ സൗദിയിലെത്തിയത്. മക്കയുൾപ്പെടെ പല ഭാഗത്തും രാത്രിയിൽ ഇപ്പോഴും നേരിയ തണുപ്പുണ്ട്.