< Back
Saudi Arabia
Electricity theft from mosques caught in Saudi
Saudi Arabia

സൗദിയിൽ മസ്ജിദുകളിൽ നിന്നുള്ള വൈദ്യുതി മോഷണം പിടികൂടി

Web Desk
|
29 Aug 2025 9:34 PM IST

റിയാദിലും ജീസാനിലുമാണ് നടപടി

റിയാദ്: സൗദിയിൽ മസ്ജിദുകളിൽ നിന്നും വൈദ്യുതി മോഷണം വ്യാപകമായി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം മൂന്നിടങ്ങളിലാണ് വലിയതോതിലുള്ള വൈദ്യുതി മോഷണം കണ്ടെത്തിയത്. പിടികൂടുന്നവർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.

മസ്ജിദുകളിൽനിന്ന് സ്ഥാപനങ്ങളിലേക്കും വീട്ടാവശ്യത്തിനുമായി വൈദ്യുതി മോഷ്ടിച്ച കേസുകളാണ് പിടികൂടിയത്. ഏറ്റവും ഒടുവിലായി ജീസാനിലാണ് മോഷണം. ജീസാൻ പ്രവിശ്യയിലെ സ്വബ്‌യയിലാണ് വിദേശി പിടിയിലായത്. തൊട്ടടുത്തുള്ള മസ്ജിദിൽ നിന്നും വീട്ടാവശ്യത്തിനായാണ് ഇയാൾ വൈദ്യുതി മോഷ്ടിച്ചത്. ഭൂമിക്കടിയിലൂടെ ചാൽ കീറി കേബിൾ ഇട്ടായിരുന്നു മോഷണം.

കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലും സമാന കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് പള്ളികളിലായിരുന്നു മോഷണം. വൻ തോതിലാണ് വൈദ്യുതി മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റ്, മൂന്നു നിലകളുള്ള സ്‌കൂൾ എന്നിവയാണ് വൈദ്യുതി മോഷ്ടിച്ചത്.

24 മണിക്കൂർ പ്രവർത്തിക്കുന്ന എയർ കണ്ടീഷൻ, റെഫ്രിജറേറ്റർ, ഉയർന്ന വൈദ്യുതി ആവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവക്കായാണ് സൂപ്പർ മാർക്കറ്റ് മോഷ്ടിച്ചത്. പള്ളിയുടെ വൈദ്യുതി മീറ്ററിൽ നിന്ന് നേരിട്ടായിരുന്നു മോഷണം. മൂന്നു നില പ്രവർത്തിക്കാനായി ആവശ്യം വരുന്ന മുഴുവൻ വൈദ്യുതിയുമാണ് സ്‌കൂൾ സമീപത്തെ പള്ളിയിൽ നിന്ന് മോഷ്ടിച്ചത്. പള്ളിയുടെ കവാടമടക്കം സ്‌കൂൾ കയ്യേറിയതായും പരിശോധനയിൽ കണ്ടെത്തി. ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ കൂടുതൽ പരിശോധിച്ചു വരുകയാണ്. അന്വേഷങ്ങൾ പൂർത്തിയാക്കി ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Similar Posts