
ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
|ഈ മാസം 23 മുതൽ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാകില്ല
റിയാദ്: ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 23 മുതൽ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാകില്ല. ഇന്നാണ് ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി. ഉംറ വിസയിലുള്ള എല്ലാവരും ഈ മാസം ഇരുപത്തൊമ്പതിനകം സൗദി വിടണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഉംറക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഹജ്ജിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഈ മാസം 23 മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിലും നിയന്ത്രണമുണ്ട്. ഹജ്ജ് പെർമിറ്റോ, മക്കയിൽ ജോലി ചെയ്യാനുള്ള അനുമതിപത്രമോ ഉള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനമുണ്ടാകൂ. നേരത്തെ ഉംറ വിസയിൽ എത്തിയ മുഴുവൻ തീർത്ഥാടകരും ഈ മാസം 29-നകം രാജ്യത്തുനിന്ന് പുറത്തുപോകണം. ദുൽഖഅദ് ഒന്ന് മുതൽ വിവിധ വിസകളിൽ കഴിയുന്നവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല.
ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്കല്ലാതെ താമസം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം നേരത്തെ കർശന നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 29 മുതൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഉൾപ്പടെ രാജ്യത്ത് എത്തിത്തുടങ്ങും. ഹാജിമാരുടെ സൗകര്യം പരിഗണിച്ചാണ് നിയന്ത്രണങ്ങൾ.