< Back
Saudi Arabia
സൗദിയിൽ അടുത്ത മാസം മുതൽ എല്ലാവർക്കും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകും
Saudi Arabia

സൗദിയിൽ അടുത്ത മാസം മുതൽ എല്ലാവർക്കും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകും

Web Desk
|
19 Jun 2021 12:13 AM IST

രാജ്യത്ത് 1236 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ അടുത്ത മാസം മുതൽ എല്ലാവർക്കും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വിതരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് രാജ്യത്തെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായിരത്തിനും മുകളിലേക്കുയർന്നു. ആയിരത്തി ഇരുനൂറ്റി മുപ്പത്തി ആറ് പുതിയ കേസുകളും, ആയിരത്തി അമ്പത് രോഗമുക്തിയുമാണ് ഇന്ന് സ്ഥിരീകരിച്ചത്.

രാജ്യത്തെ എഴുപത് ശതമാനം ആളുകളിലേക്കും ആദ്യ ഡോസ് വിതരണം പൂർത്തിയാക്കുന്നതിനായി രണ്ടാമത്തെ ഡോസിന്റെ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. നിലവിൽ 43 ശതമാനത്തിലധികം ആളുകൾക്കും ആദ്യ ഡോസ് വിതരണം ചെയ്തു കഴിഞ്ഞു. മുതിർന്ന പൗരന്മാരിൽ 80 മുതൽ 98 ശതമാനം വരെ ആളുകൾക്കും വാക്‌സിൻ വിതരണം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്.

ഇതിന് പിന്നാലെയാണ് അടുത്ത മാസം ആദ്യം മുതൽ രാജ്യത്തെ എല്ലാവർക്കും രണ്ടാം ഡോസ് വിതരണം ആരംഭിക്കുമെന്ന വാർത്ത പുറത്ത് വരുന്നത്. റിയാദിലെ വാക്‌സിനേഷൻ സെന്ററിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഇതുവരെ ഒരു കോടി 64 ലക്ഷത്തോളം ഡോസ് വാക്‌സിൻ വിരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിൽ 11,050 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു.

കഴിഞ്ഞ വർഷം സെപ്തംബർ അവസാനത്തിൽ പതിനൊന്നായിരത്തിൽ നിന്നും കുറഞ്ഞ് തുടങ്ങിയ ആക്ടീവ് കേസുകളുടെ എണ്ണം ജനുവരി മധ്യത്തോടെ ആയിരത്തി എണ്ണൂറിലേക്ക് കുറഞ്ഞിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം വ്യാപനം ആരംഭിച്ചതോടെ ആക്ടീവ് കേസുകൾ വീണ്ടും വർധിച്ച് തുടങ്ങിയതോടെയാണ് കേസുകൾ വീണ്ടും പതിനൊന്നായിരത്തിന് മുകളിലെത്തിയത്.

1236 പുതിയ കേസുകളും, 1050 രോഗമുക്തിയും, 15 മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ 4,71,959 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും, 4,53,259 പേർക്ക് രോഗം ഭേദമായതായും, 7650 പേർ മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Tags :
Similar Posts