< Back
Saudi Arabia
മയക്കുമരുന്നിനെതിരെ വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ ഉല്‍ബോധനം; നിര്‍ദ്ദേശവുമായി സൗദി ഇസ്‍ലാമിക കാര്യ വകുപ്പ്
Saudi Arabia

മയക്കുമരുന്നിനെതിരെ വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ ഉല്‍ബോധനം; നിര്‍ദ്ദേശവുമായി സൗദി ഇസ്‍ലാമിക കാര്യ വകുപ്പ്

Web Desk
|
3 Jan 2023 12:37 AM IST

ഉത്തരവ് രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും സര്‍ക്കുലര്‍ വഴി അറിയിച്ചതായി മന്ത്രാലയം

ദമ്മാം: മയക്കുമരുന്നിനെതിരെ വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ ഉല്‍ബോധനം നടത്താന്‍ നിര്‍ദ്ദേശം നല്‍കി സൗദി ഇസ്‍ലാമിക കാര്യ വകുപ്പ്. അടുത്ത വെള്ളിയാഴ്ചയിലെ പ്രഭാഷണ വിഷയം മയക്കുമരുന്നും അത് സമൂഹത്തിലും വ്യക്തികളിലുമുണ്ടാക്കുന്ന അപകടങ്ങളെയും കുറിച്ചായിരിക്കണമെന്ന് മന്ത്രാലയം പള്ളി ഇമാമുമാര്‍ക്ക് ഉത്തരവ് നല്‍കി. മയക്കുമരുന്നിനെതിരായ മുന്നറിയിപ്പ് പുതുതലമുറയിലേക്ക് കൂടുതല്‍ ശക്തമായി പകര്‍ന്നു നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് മന്ത്രാലയം പള്ളി ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അടുത്ത വെള്ളിയാഴ്ചയിലെ പ്രഭാഷണം മയക്കുമരുന്നും അത് സമൂഹത്തിലും വ്യക്തികളിലുമുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതാവണമെന്ന് ഇസ്‍ലാമിക കാര്യ മന്ത്രി ഡോക്ടര്‍ അബ്ദുല്‍ ലത്തീഫ് അല്‍ശൈഖ് പറഞ്ഞു. ഇത് സംബന്ധിച്ച് ഉത്തരവ് രാജ്യത്തെ മുഴുവന്‍ പള്ളികള്‍ക്കും സര്‍ക്കുലര്‍ വഴി അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

മയക്കുമരുന്നിന്‍റെ ഉപയോഗം വഴിയുണ്ടാകുന്ന അപകടം, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍, അനധികൃതമായി രാജ്യത്തേക്കെത്തിക്കുന്നവര്‍, പ്രമോട്ടര്‍മാര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറേണ്ടതിന്‍റെ ആവശ്യകത, മയക്കുമരുന്നില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാന്‍ വ്യാപൃതരായിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍, കസ്റ്റംസ് മറ്റു അധികാരികള്‍ എന്നിവരുടെ പ്രയത്‌നങ്ങളെ പ്രശംസിക്കേണ്ടതിന്‍റെയും സഹകരിക്കേണ്ടതിന്‍റെയും ആവശ്യകത എന്നിവക്ക് പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കും.

Similar Posts