< Back
Saudi Arabia
Expansion of the Makkah taxi fleet with three operating licenses
Saudi Arabia

ഈ വർഷത്തോടെ 1600 വാഹനങ്ങൾ!; കൂടുതൽ അത്യാധുനിക ടാക്സികൾ മക്ക നിരത്തുകളിലേക്ക്

Web Desk
|
17 March 2026 2:34 PM IST

യാത്രാ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനുകൾ ഇൻസ്റ്റന്റ് ട്രാസ്ലേഷൻ, ട്രാക്കിങ് സംവിധാനം പ്രത്യേകത

ജിദ്ദ: വിശുദ്ധ നഗരമായ മക്കയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ അത്യാധുനിക വാഹനങ്ങൾ നിരത്തിലിറക്കാൻ മക്ക ടാക്സി. ഇതിന്റെ ഭാഗമായി മക്ക റോയൽ കമ്മീഷന് കീഴിലുള്ള ജനറൽ ട്രാൻസ്‌പോർട്ട് സെന്റർ മൂന്ന് കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി. ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രിയും പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാനുമായ എഞ്ചിനീയർ സ്വാലിഹ് ബിൻ നാസർ അൽ ജാസർ, റോയൽ കമ്മീഷൻ സി.ഇ.ഒ എഞ്ചിനീയർ സ്വാലിഹ് അൽ റഷീദിന് ലൈസൻസുകൾ കൈമാറി.

പുതിയ ടാക്സികളിൽ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഒരുക്കിയിട്ടുള്ളതെന്ന് എഞ്ചിനീയർ അൽ റഷീദ് വ്യക്തമാക്കി. ഡ്രൈവർക്കും യാത്രക്കാരനും തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഇൻസ്റ്റന്റ് ട്രാൻസ്‌ലേഷൻ സൗകര്യം ടാക്സികളിലുണ്ടാവും. കൂടാതെ വാഹനങ്ങളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന അത്യാധുനിക ട്രാക്കിങ് സംവിധാനം, യാത്രയുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനുകൾ എന്നിവയും സജ്ജമാക്കും. പേയ്‌മെന്റ് ഇടപാടുകളിൽ കൂടുതൽ സുതാര്യതയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്നും അൽ റഷീദ് വ്യക്തമാക്കി.

ഈ വർഷത്തിനുള്ളിൽ മക്ക ടാക്സി നിരയിലെ വാഹനങ്ങളുടെ എണ്ണം 1,600 ആയി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത് നഗരവാസികൾക്കും തീർഥാടകർക്കും ഒരുപോലെ ഗുണകരമാകും. മക്കയിലെ ഗതാഗത മേഖലയെ ആധുനികവത്കരിക്കുന്നതിനും സേവന നിലവാരം വർധിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts