< Back
Saudi Arabia
പ്രവാസികളുടെ വോട്ട് ചേര്‍ക്കല്‍: രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍
Saudi Arabia

പ്രവാസികളുടെ വോട്ട് ചേര്‍ക്കല്‍: രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് അനുവദിക്കണം - പ്രവാസി വെല്‍ഫെയര്‍

Web Desk
|
31 July 2025 9:06 PM IST

നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്ന് കമ്മിറ്റി വിലയിരുത്തി

റിയാദ്: പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് പ്രവാസി വെൽഫെയർ നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്ന് കമ്മിറ്റി വിലയിരുത്തി. പ്രവാസി വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 4എ ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അതിന്‍റെ പ്രിന്‍റ് എടുത്ത് ഒപ്പ് വച്ച് അനുബന്ധ രേഖകള്‍ സഹിതം നേരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ കമ്മീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ വിദേശത്ത് ഉള്ളവര്‍ക്ക് നേരിട്ട് അപേക്ഷ എത്തിക്കുക എന്നതും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം തപാലില്‍ എത്തിക്കുക എന്നതും അപ്രായോഗികമാണ്‌.

ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാകാനുള്ള പൗരന്‍റെ അവകാശത്തെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാലോ മറ്റു വിധത്തിലോ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന സംസ്ഥാനത്തിനകത്തെ വോട്ടര്‍മാര്‍ക്ക് ഹിയറിങ്ങിന് ഇളവ് നല്‍കുകയും അപേക്ഷ ഇ-മെയിലായി നല്‍കുന്നതിന് അവസരം നല്‍കുകയും ചെയ്തതായി കമ്മീഷന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതേ മാതൃകയില്‍ പ്രവാസി വോട്ടര്‍മാര്‍ക്കും അപേക്ഷയുടെ പ്രിന്‍റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി സ്കാന്‍ ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഇടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.

Similar Posts