< Back
Saudi Arabia
Extensive inspection in Mecca
Saudi Arabia

ഉംറക്കാർക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു; മക്കയിൽ വ്യാപക പരിശോധന

Web Desk
|
30 April 2025 10:36 PM IST

ജിദ്ദ വഴി ഹജ്ജ് തീർഥാടകരുടെ വരവ് തുടരുന്നു

മക്ക: ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക നഗരം.

ഇന്നലെ അർധരാത്രി വരെയായിരുന്നു ഉംറക്കാർക്ക് മടങ്ങാനുള്ള അവസാന സമയം നൽകിയത്. സമയപരിധി അവസാനിച്ചതോടെ മക്കയിലും പരിസരങ്ങളിലും വ്യാപക പരിശോധനയാണ്. താമസ കെട്ടിടങ്ങളിലും ഓഫീസുകൾ കേന്ദ്രീകരിച്ചും രേഖകൾ ഉറപ്പുവരുത്തുന്നുണ്ട്. നിരവധി പേരെ പിടികൂടി. ഇവർക്ക് ജയിലും നാടുകടത്തലുമുണ്ടാകും.

സന്ദർശക വിസക്കാർക്ക് ഇനി മക്കയിൽ തങ്ങാൻ അനുമതിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശക വിസയിൽ കഴിയുന്ന കുടുംബങ്ങൾ ജിദ്ദയിലേക്ക് താമസം മാറിയിരുന്നു. മക്കയിൽ ഫ്‌ളാറ്റുകളിലോ ഹോട്ടലുകളിലോ പെർമിറ്റില്ലാതെ താമസിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷയാണ്. ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ജിദ്ദ ഹജ്ജ് ടെർമിനൽ വഴി മക്കയിലേക്ക് എത്തുന്നുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നതോടെ മക്ക ഹറം വിശ്വാസികളാൽ നിറയും.

Similar Posts