< Back
Saudi Arabia
ഫാമിലി വിസിറ്റ് വിസാ നിയന്ത്രണം; മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി
Saudi Arabia

ഫാമിലി വിസിറ്റ് വിസാ നിയന്ത്രണം; മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

Web Desk
|
20 May 2025 12:14 AM IST

സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസകൾ താൽക്കാലികമായി സസ്പെന്റ് ചെയ്തെന്ന് കഴിഞ്ഞ ദിവസം പലർക്കും ജവാസാത്തിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു

റിയാദ്: സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസ നിയന്ത്രണം സംബന്ധിച്ച സന്ദേശങ്ങൾ ലഭിക്കുന്നതിനിടെ മൂന്ന് കുടുംബങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി. റിയാദ് വിമാനത്താവളത്തിൽ എത്തിയവരെയാണ് എമിഗ്രേഷനിൽ നിന്നും മടക്കി അയച്ചത്. ഇതോടെ സന്ദർശക വിസയിലുള്ളവർ യാത്രക്ക് മുന്നേ വിസ സ്റ്റാറ്റസ് പരിശോധിച്ച് യാത്ര ക്രമീകരിക്കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലാണ് സൗദിയിലേക്ക് സന്ദർശക വിസയെടുത്ത പലർക്കും ജവാസാത്തിൽ നിന്നും സന്ദേശം ലഭിച്ചത്. ജൂൺ ആറ്, അതായത് ദുൽഹജ്ജ് പത്ത് വരെ സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസകൾ താൽക്കാലികമായി സസ്‌പെന്റ് ചെയ്‌തെന്നാണ് ലഭിച്ച സന്ദേശം. നൂറുകണക്കിന് പേർക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ എല്ലാവർക്കും ലഭിച്ചിട്ടുമില്ല. ഇത്തരം സന്ദേശം ലഭിച്ചവരിൽ ചിലരാണ് കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിലത്തിയത്. ഇവർ പുതിയ സന്ദർശക വിസയിൽ എത്തിയവരാണ്. ഇവർക്ക് നാട്ടിൽ നിന്നും വിമാനത്തിൽ യാത്ര ചെയ്യാൻ തടസ്സമുണ്ടായില്ല. കാരണം, വിമാനക്കമ്പനികൾക്ക് യാത്രാ നിയന്ത്രണം സംബന്ധിച്ച ഒരു സന്ദേശവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ റിയാദ് എയർപോർട്ട് എമിഗ്രേഷനിൽ എത്തിയവർക്കാണ് വിസ സിസ്റ്റത്തിൽ ക്യാൻസലായെന്ന് മനസ്സിലായത്. ഇവരിപ്പോഴും പുറത്തിറങ്ങാൻ കഴിയാതെ വിമാനത്താവളത്തിലാണ്.

ജവാസാത്ത് അനുമതി നൽകിയില്ലെങ്കിൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇതിനാൽ പ്രവാസി കുടുംബങ്ങളെ കൊണ്ടു വരുന്നവർ മുഖീം പോർട്ടലിൽ കയറി വിസ വാലിഡാണെന്ന് ഉറപ്പാക്കണം. സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടെങ്കിൽ ഇതുപോലെ പച്ച ലേബലിൽ മുകളിൽ പെർമിറ്റഡ് ടു എന്റർ എന്നുണ്ടാകും. വിലക്കുണ്ടെങ്കിൽ ചുവന്ന ലേബലിൽ നോട്ട് പെർമിറ്റഡ് ടു എന്റർ എന്നും ഉണ്ടാകും. ഇവർക്ക് സൗദിയിലേക്ക് കടക്കാനാകില്ല എന്നാണ് റിയാദ് വിമാനത്താവളത്തിലെ അനുഭവം വ്യക്തമാക്കുന്നത്. സൗദിക്കകത്ത് നിലവിലുള്ളവരും ജവാസാത്ത് എസ്എംഎസ് ലഭിച്ചിട്ടുണ്ടെങ്കിൽ വിസിറ്റ് വിസ പുതുക്കാൻ ജൂൺ ആറിന് മുന്നേ പുറത്ത് പോകുന്നുണ്ടെങ്കിൽ ഇതുറപ്പാക്കുന്നത് നന്നാകും. മുഖീം പോർട്ടർ വഴി വിസ വാലിഡിറ്റിയും വിസയുടെ സ്റ്റാറ്റസും പരിശോധിച്ച് യാത്ര ചെയ്യുകയാകും ഉചിതം.

അതേ സമയം സൗദിക്ക് പുറത്ത് പോയി വിസിറ്റ് വിസ പുതുക്കി വരുന്നത് തുടരുന്നുണ്ട്. സൗദിക്കകത്തുള്ളവരും യാത്ര ജൂൺ ആറിന് മുന്നേ പുറത്തേക്ക് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ വിസ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം. ഹജ്ജടുത്തിരിക്കെ മറ്റെന്തെങ്കിലും നിയന്ത്രണം ഇനിയുണ്ടാകുമോ എന്നത് വ്യക്തമല്ല. സാധാരണ രീതിയിൽ ഹജ്ജടുക്കുമ്പോൾ ജിദ്ദ, ത്വാഇഫ് വിമാനത്താവളങ്ങളിലാണ് നിയന്ത്രണമുണ്ടാകാറുള്ളത്. ഇത്തവണ പക്ഷേ പല രൂപത്തിലാണ് നിയന്ത്രണങ്ങൾ.

Similar Posts