
ഫെബ്രുവരി 2026; ജിദ്ദ വിമാനത്താവളത്തിലെത്തിയത് 47 ലക്ഷത്തിലധികം യാത്രക്കാർ
|വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ദിനവും കഴിഞ്ഞ മാസം രേഖപ്പെടുത്തി
ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഫെബ്രുവരി മാസം സഞ്ചരിച്ചത് 47 ലക്ഷത്തിലധികം യാത്രക്കാർ. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ദിനവും കഴിഞ്ഞ മാസം രേഖപ്പെടുത്തി. ഫെബ്രുവരി 22 ന് 1,85,800 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം മാത്രം 5.34 കോടിയിലധികം യാത്രക്കാരുമായി റെക്കോർഡ് നേട്ടം കൈവരിക്കുകയും മെഗാ എയർപോർട്ടുകളുടെ പട്ടികയിൽ ജിദ്ദ വിമാനത്താവളം ഇടം പിടിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 27,600 വിമാന സർവീസുകളും 56 ലക്ഷം ലഗേജുകളും വിമാനത്താവളം കൈകാര്യം ചെയ്തു. ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയിൽ മാത്രം ഏകദേശം 10.2 ലക്ഷം യാത്രക്കാർ എത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. റമദാൻ മാസം, ഉംറ സീസണിലെ യാത്രക്കാരുടെ തിരക്ക് നേരിടാൻ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് വിമാനത്താവളം നടത്തി വരുന്നത്.
ഉംറ സീസണിൽ എത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ജിദ്ദ എയർപോർട്ട്സ് പ്രത്യേക പ്രവർത്തന പദ്ധതിക്ക് നേരത്തെ തന്നെ രൂപം നൽകിയിരുന്നു. തിരക്ക് കൈകാര്യം ചെയ്യുന്നതിനായി വിവിധ വിഭാഗങ്ങളിലായി 10,000 ത്തിലധികം ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.