< Back
Saudi Arabia
First batch of Indian Hajj pilgrims arrive in Madinah on Tuesday
Saudi Arabia

ആദ്യ ഇന്ത്യൻ ഹജ്ജ് തീർഥാടക സംഘം ചൊവ്വാഴ്ച മദീനയിൽ

Web Desk
|
25 April 2025 10:38 PM IST

മലയാളി ഹാജിമാർ മെയ് 10 മുതൽ എത്തിത്തുടങ്ങും

മദീന: ഈ വർഷത്തെ ഹജ്ജിനായി ആദ്യ ഇന്ത്യൻ തീർഥാടക സംഘം ചൊവ്വാഴ്ച മദീനയിലെത്തും. ആദ്യ സംഘം വിദേശ ഹജ്ജ് തീർഥാടകർ സൗദിയിലേക്കെത്തുന്നതും ഈ ദിവസത്തിലാണ്. ഇതിനിടെ മക്കയിലേക്ക് ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് നിയന്ത്രണം കർശനമാക്കി. ബുധനാഴ്ച മുതൽ മക്കയിൽ സന്ദർശക വിസയിലുള്ളവർക്ക് തങ്ങാൻ പാടില്ല.

ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ ഇന്ത്യൻ സംഘം ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് മദീനയിലെത്തുക. ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. മദീനയിലെത്തുന്ന തീർത്ഥാടകരെ ഹജ്ജ് ഉംറ മന്ത്രാലയം പ്രതിനിധികളും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സ്വീകരിക്കും. ഇതേ ദിവസം തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം സൗദിയിൽ എത്തുക.

മദീന വഴിയെത്തുന്ന ഇന്ത്യൻ തീർത്ഥാടകർ എട്ട് ദിവസത്തെ സന്ദർശനത്തിനുശേഷം മക്കയിലേക്കെത്തും. കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ഇത്തവണയും നേരിട്ട് മക്കയിലേക്കാണ് വരിക. അടുത്തമാസം പത്തിന് കരിപ്പൂരിൽ നിന്നാണ് ആദ്യ സർവീസ്.

ഹജ്ജിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 29 മുതൽ മക്കയിൽ സന്ദർശക വിസ ഉൾപ്പെടെ വിവിധ വിസിറ്റ് വിസകളിൽ എത്തിയവർക്ക് താമസിക്കാൻ അനുമതിയില്ല. ഇവർക്ക് താമസം നൽകിയാൽ ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, വ്യക്തികൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സർക്കുലർ നേരത്തെ അയച്ചിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് പ്രത്യേക നിയന്ത്രണങ്ങൾ.

Similar Posts