
2025 ആദ്യ പകുതി; സൗദിയിൽ 6 കോടിയിലേറെ സഞ്ചാരികൾ
|വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ നിന്ന്
റിയാദ്: 2025 ന്റെ ആദ്യ പകുതിയിൽ സൗദിയിലാകെ സഞ്ചരിച്ചത് ആറ് കോടിയിലധികം പേർ. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1% വർധനവാണ് രേഖപ്പെടുത്തിയത്. നാല് ശതമാനത്തിന്റെ വളർച്ചയോടെ 161.4 ബില്യൺ റിയാലിന്റെ വരുമാനം ടൂറിസം മേഖലയിൽ ഉണ്ടായതായി ടൂറിസം മന്ത്രാലയം അറിയിച്ചു. വിനോദം, ഷോപ്പിംഗ്, സ്പോർട്സ്, എന്നിവയാണ് സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങൾ. യാത്രകളിൽ കൂടുതലും മക്ക മദീന സന്ദർശനങ്ങളും കുടുംബ സന്ദർശനങ്ങളുമാണ്. റിയാദും കിഴക്കൻ പ്രവിശ്യയുമാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ.
വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ നിന്നാണ്. ഈജിപ്ത്, പാകിസ്താൻ, കുവൈത്ത് രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. മൊത്തം വിനോദസഞ്ചാരികളുടെ 43 ശതമാനവും താമസ സൗകര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഹോട്ടലുകളാണ്. ഹോട്ടലുകൾക്ക് പുറമെ അപ്പാർട്മെന്റുകളും സ്വകാര്യ വസതികളുമാണ് ഉപയോഗപ്പെടുത്തുന്നത്.