< Back
Saudi Arabia
Five people, including Malayalis, arrested in Saudi Arabia in drug smuggling case
Saudi Arabia

ലഹരിക്കടത്ത് കേസ്: സൗദിയിൽ മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Web Desk
|
3 Aug 2025 9:27 PM IST

മൂന്ന് കിലോയോളം ഹാഷിഷുമായി ദമ്മാമിലെത്തിയ മലയാളിയെ സ്വീകരിക്കാനെത്തിയവരടക്കമാണ് പിടിയിലായത്

ദമ്മാം: സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്ന മലയാളി പ്രവാസികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ ദിവസം തായ്‌ലൻഡ് വഴി ദമ്മാമിലെത്തിയ മലയാളിയിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഹാഷിഷാണ്. ഇയാളെ സ്വീകരിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ കേസിൽ അറസ്റ്റിലായി. രാജ്യത്ത് ലഹരിക്കടത്ത് കേസുകളിൽ ദിനേന അഞ്ചും ആറും പേർക്ക് വധശിക്ഷ നടപ്പാക്കികൊണ്ടിരിക്കെയാണ് മലയാളി യുവാക്കളുടെ ലഹരിക്കടത്ത്.

കോഴിക്കോട് സ്വദേശിയാണ് ഉംറ വിസയിൽ കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത്. മാരക ലഹരി വസ്തുവുമായി എത്തിയ പ്രതിയെയും കൂട്ടാളികളെയും നാടകീയമായാണ് സുരക്ഷാ വിഭാഗം വലയിലാക്കിയത്. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രതിയെ പിന്തുടർന്ന സുരക്ഷ വിഭാഗം വഴിയിൽ വെച്ച് പിടികൂടുകയും ശേഷം കൂട്ടാളികളെ കൂടി വലയിലാക്കുകയും ചെയ്യുകയായിരുന്നു.

വർധിച്ച് വരുന്ന ലഹരി കേസുകളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ആശങ്കയിലാണ് സൗദിയിലെ നിയമ വിദഗ്ദർ. ''സൗദിയിൽ താമസിക്കുന്ന സഹോദരൻമാരോട് പറയാനുള്ളത്, ഇന്ത്യക്കാരായാലും മറ്റ് രാജ്യക്കാരായാലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി സംശയിക്കപ്പെടുന്ന ആളുകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണം. കാരണം സൗദി ക്രിമിനൽ നിയമപ്രകാരം കടുത്ത ശിക്ഷകൾ നേരിടാൻ അത് ഇടവരുത്തും. നിങ്ങളുടെ നാടുകടത്തലിന് കാരണമാകും. സൗദി അറേബ്യയ്ക്ക് പുറത്ത് ഇത് ചിലപ്പോൾ കുറ്റകരമാവണമെന്നില്ല'' സൗദി അഭിഭാഷകൻ യസീദ് മുഹമ്മദ് അൽസുവൈത്ത് പറഞ്ഞു.

Similar Posts