< Back
Saudi Arabia
Foreign investment in Saudi Arabia has increased fourfold; 90 percent is non-oil investment, says Investment Minister
Saudi Arabia

സൗദിയിൽ വിദേശ നിക്ഷേപത്തിൽ നാലിരട്ടി വർധന; 90 ശതമാനം എണ്ണ ഇതരമെന്ന് നിക്ഷേപ മന്ത്രി

Web Desk
|
29 Oct 2025 12:00 PM IST

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

റിയാദ്: സൗദിയിലെ വിദേശ നിക്ഷേപം നാലിരട്ടിയായി വർധിച്ചതായും അതിൽ 90 ശതമാനവും എണ്ണയിതര നിക്ഷേപമാണെന്നും സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. റിയാദിൽ നടക്കുന്ന ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ (FII9) വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയുടെ ബജറ്റിന്റെയും ചെലവുകളുടെയും 40 ശതമാനം ഇപ്പോൾ എണ്ണ ഇതര വരുമാനത്തിൽ നിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തേക്ക് ഒഴുകുന്ന എല്ലാ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ (എഫ്ഡിഐ) 90 ശതമാനവും എണ്ണ ഇതര മേഖലകളിലേക്കാണ് പോകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇനി എണ്ണയെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിപുലമായ ഉൽപാദനം, സാങ്കേതികവിദ്യ, ടൂറിസം, സംരംഭകത്വം, ഡീപ് ടെക്, വെഞ്ച്വർ ക്യാപിറ്റൽ എന്നിവയിലെ ദ്രുതഗതിയിലുള്ള പുരോഗതിയാണ് ഇതിന് കാരണമെന്ന് അൽ ഫാലിഹ് വിശദീകരിച്ചു.

സർക്കാർ-സ്വകാര്യ മേഖലകളിലെ പങ്കാളിത്തവും സൗദി ശക്തമാക്കുന്നുണ്ട്. വളർച്ചയുടെ ഒരു പ്രധാന ഭാഗം പ്രാദേശിക നിക്ഷേപങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും ആ നിക്ഷേപങ്ങളുടെ അനുപാതം ജി.ഡി.പിയുടെ 30 ശതമാനം ആയി ഉയർന്നതായും നിക്ഷേപ മന്ത്രി സൂചിപ്പിച്ചു.

തൊഴിലില്ലായ്‌മ നിരക്ക് പകുതിയായി കുറയ്ക്കുകയും തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചതായും നിക്ഷേപ മന്ത്രി ചൂണ്ടിക്കാട്ടി.

എക്സ്പോ 2030, 2034 ഫിഫ ലോകകപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള മെഗാ പ്രൊജക്ടുകളുടെയും തയ്യാറെടുപ്പുകളുടെയും ഭാ​ഗമായാണ് നിക്ഷേപത്തിലുള്ള വർധന.

Similar Posts