< Back
Saudi Arabia
സൗദിയിലെ ഓഹരി വിപണിയിൽ വിദേശികൾക്കും ട്രേഡിങ് നടത്താം
Saudi Arabia

സൗദിയിലെ ഓഹരി വിപണിയിൽ വിദേശികൾക്കും ട്രേഡിങ് നടത്താം

Web Desk
|
15 Jan 2026 10:47 PM IST

ജിസിസി പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് ബ്രോക്കർമാർ വഴി എളുപ്പത്തിൽ ഓഹരികൾ വാങ്ങാനാകും

റിയാദ്: സൗദി അറേബ്യയിലെ ഓഹരി വിപണിയിൽ വിദേശികൾക്കുണ്ടായിരുന്ന എല്ലാ വിലക്കും നീക്കുന്നു. 2026 ഫെബ്രുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സൗദി ഓഹരി വിപണിയിൽ ട്രേഡിങ് നടത്താം.

'തദാവുൽ' അഥവാ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചാണ് സൗദി അറേബ്യയിലെ ഓഹരി വിപണി. ഇത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതാണ്. ലിക്വിഡിറ്റി അഥവാ പണമൊഴുക്കിലും ഗൾഫിൽ മുൻനിരയിലാണ് തദാവുൽ. സൗദിയിലില്ലാത്തവർക്ക് പോലും ഈ വർഷം മുതൽ സൗദി ഓഹരി വിപണിയിൽ ഇറങ്ങാം. ഇതോടെ ജിസിസി പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് ബ്രോക്കർമാർ വഴി എളുപ്പത്തിൽ ഓഹരികൾ വാങ്ങാനാകും. മ്യൂച്ച്വൽ ഫണ്ടുകൾ, ഇക്വിറ്റി ഫണ്ടുകൾ, ശരിയാ കംപ്ലയന്റ് ഫണ്ടുകൾ എന്നിവയിലൂടെ നിക്ഷേപവും നടത്താം. നിലവിൽ വിദേശികൾക്ക് ഓഹരി വാങ്ങാൻ അനുമതിയുണ്ടെങ്കിലും തദാവുൽ വഴി ട്രേഡിങ് നടത്തുന്നതിൽ നിയന്ത്രണങ്ങളുണ്ട്. വിദേശ ഓഹരി നിക്ഷേപകർക്ക് 'ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റേഴ്സ്' അഥവാ QFI പ്രോഗ്രാം വഴി മാത്രമായിരുന്നു ആക്സസ് ലഭിച്ചിരുന്നത്. എന്നു വെച്ചാൽ സൗദി ഓഹരി വിപണിയിൽ ഇടപാട് നടത്താൻ നിശ്ചിത യോഗ്യതകൾ വേണമായിരുന്നു.

നിക്ഷേപ അനുഭവം, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ എന്നിവയെല്ലാം ഹാജരാക്കുകയും വേണം. ഇതെല്ലാം കഴിഞ്ഞ് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അംഗീകരിക്കുകയും വേണം. പക്ഷേ, പുതിയ നിയമപരിഷ്കാരം ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റേഴ്സ് എന്ന ചട്ടം തന്നെ പൂർണമായും നീക്കം ചെയ്യുന്നു. അതിനാൽ എല്ലാ വിദേശികളായ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, പ്രവാസികൾക്കും, സൗദി ലൈസൻസുള്ള ബ്രോക്കർമാരായ കമ്പനികൾ വഴി നേരിട്ട് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയും. ഈ മാസം 24ന് സൗദിയിലെ ജിദ്ദയിലെ റിറ്റ്സ്സ് കാൾട്ടൺ ഹോട്ടലിൽ നടക്കുന്ന മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിൽ ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.

Similar Posts