
ഫോർമുല വൺ സൗദി ഗ്രാന്റ് പ്രി: മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി ജേതാവ്
|മാക്സ് വെർസ്റ്റാപ്പനെ 2.84 സെക്കൻഡിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് പിയാസ്ട്രിയുടെ തകർപ്പൻ ജയം.
ജിദ്ദ: ജിദ്ദയിൽ നടന്ന ആവേശകരമായ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി വിജയക്കൊടി പാറിച്ചു. റെഡ്ബുൾ റേസിംഗ് താരം മാക്സ് വെർസ്റ്റാപ്പനെ 2.84 സെക്കൻഡിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് പിയാസ്ട്രിയുടെ തകർപ്പൻ വിജയം. ഫെരാരിയുടെ ചാൾസ് ലെക്ലർ മൂന്നാം സ്ഥാനവും മെക്ലാരൻ താരം ലാൻഡോ നോറിസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് ജിദ്ദ ഇത്തവണ ഫോർമുല വൺ മത്സരത്തെ വരവേറ്റത്. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന മത്സരത്തോടനുബന്ധിച്ച് നഗരം വർണ്ണാഭമായ കാഴ്ചകൾക്കും ആഘോഷങ്ങൾക്കും വേദിയായി. ആകാശത്തും ഭൂമിയിലുമായി നടന്ന വർണ്ണവിസ്മയങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. ഒരു ലക്ഷത്തിലധികം കാണികൾ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
ലോകപ്രശസ്ത പോപ് ഗായിക ജെന്നിഫർ ലോപ്പസിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികൾ കാണികളുടെ മനം കവർന്നു. ഗ്ലാമറും ആവേശവും നിറഞ്ഞ മൂന്നു ദിനരാത്രങ്ങൾക്ക് ഒടുവിലാണ് പിയാസ്ട്രി കിരീടം ചൂടിയത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച പിയാസ്ട്രി ഫിനിഷിംഗ് ലൈൻ വരെ തന്റെ ലീഡ് നിലനിർത്തി. ഇനി ഫോർമുല വൺ ലോകം മെയ് 4 മുതൽ മിയാമിയിലാണ് പോരാട്ടത്തിനായി ഒരുങ്ങുന്നത്.