< Back
Saudi Arabia
സൗദിയിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ; വിദേശികൾക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം
Saudi Arabia

സൗദിയിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ; വിദേശികൾക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം

Web Desk
|
16 April 2023 12:45 AM IST

സൗദിയുടെ പ്രധാന നാല് തന്ത്രപ്രധാന മേഖലകളിലാണ് ഇവ പ്രവർത്തിക്കുക.

ജിദ്ദ: പ്രവാസികൾക്കും സൗദികൾക്കും ഒരുപോലെ നിക്ഷേപാവസരം നൽകുന്ന സ്പെഷ്യൽ എകണോമിക് സോണുകൾ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി. നൂറ് ശതമാനം വിദേശികൾക്ക് ഉടമസ്ഥാവകാശം നൽകുന്നതാകും പ്രത്യേക സാമ്പത്തിക മേഖലകൾ. സൗദിയുടെ പ്രധാന നാല് തന്ത്രപ്രധാന മേഖലകളായ റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യ, ജിസാൻ എന്നിവിടങ്ങളിലാണ് സ്പെഷ്യൽ എക്കണോമിക് സോണുകൾ പ്രഖ്യാപിച്ചത്.

വൻകിട നിക്ഷേകർക്ക് വലിയ സാമ്പത്തിക ഇളവുകൾ ലഭിക്കുന്നതാണ് സൗദി കിരീടാവകാശി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക മേഖലകൾ. കോർപ്പറേറ്റ് നികുതിയിൽ ഇളവ്, അസംസ്കൃത വസ്തുക്കൾക്കും മെഷീനുകൾക്കും നികുതിയില്ലാത്ത ഇറക്കുമതി, 100 ശതമാനം വിദേശ ഉടമസ്ഥാവകാശം, അതിവേഗത്തിലുള്ള നടപടിക്രമങ്ങളുടെ പൂർത്തീകരണം, വിദേശികളെ ജോലിയിൽ നിയമിക്കാനുള്ള ഇളവുകൾ എന്നിവ പ്രഖ്യാപിച്ച സോണുകളിലെ നിക്ഷേപകർക്ക് ലഭിക്കും.

റിയാദിലെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലാണ് കിങ് അബ്ജുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ സ്ഥാപിക്കുന്ന സോൺ പ്രവർത്തിക്കുക. സൗദിയുടെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള കേന്ദ്രമായിരിക്കും ഈ സോൺ. ജിദ്ദയിലെ കിങ് അബ്ദുല്ല എകണോമിക് സിറ്റിയിലാണ് രണ്ടാമത്തെ സോൺ. അത്യാധുനിക ഉത്പാദനം. ലോജിസ്റ്റിക്സ് മേഖലയിലാണ് ഈ സോൺ പ്രവർത്തിക്കുക.

ഓട്ടോമൊബൈൽ നിർമാണം, ഉൽപ്പന്നങ്ങളുടെ അസംബ്ലിങ്, ആരോഗ്യ രംഗത്തേക്കുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമാണ മേഖലയിലാകും ഈ സോൺ പ്രധാനമായും പ്രവർത്തിക്കുക. ചെങ്കടൽ വഴി ഇവയുടെ കയറ്റുമതിക്കും സോൺ അവസരം നൽകും. ജിസാനിലെ തുറമുഖത്താണ് മൂന്നാമത്തെ സോൺ. ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇറക്കുമതിക്ക് ഈ സോൺ അതിവേഗത്തിൽ സഹായിക്കും. ഭക്ഷ്യ, വ്യാവസായി ഉൽപാദന മേഖലയിലും സോൺ പ്രവർത്തിക്കും.

നാവികമാർഗം ഉപയോഗിക്കുന്ന ലോകത്തെ മുൻനിരക്കാർക്കുള്ള സോണായിരിക്കും റാസ് അൽ-ഖൈർ. കിഴക്കൻ പ്രവിശ്യയിലാണിത്. സമുദ്ര ഖനനം, കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവ ഈ സോണിലുണ്ടാകും. ലോകത്തെ 70 ശതമാനം രാജ്യങ്ങളിലേക്കും എട്ട് മണിക്കൂർ കൊണ്ട് പറന്നെത്താനാകുമെന്നത് സൗദിയുടെ പ്രത്യേകതയാണ്. ഇതിനാലാണ് കൂടുതൽ നിക്ഷേപകരെ സൗദി പ്രതീക്ഷിക്കുന്നതെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

Similar Posts