
നാലാമത് ഹജ്ജ് ഉച്ചകോടി ജിദ്ദയിൽ; 250 പുതിയ കരാറുകളിൽ ഒപ്പുവെക്കും
|സമ്മേളനത്തോടനുബന്ധിച്ച് ഹജ്ജ് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്
ജിദ്ദ: നാലാമത് ഹജ്ജ് ഉച്ചകോടിക്ക് ജിദ്ദയിൽ തുടക്കമായി. ഹജ്ജ് ഉംറ സേവന മേഖലയിലെ 250 പുതിയ കരാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. ഹജ്ജ്, ഉംറ സംവിധാനങ്ങളിലെ ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങളും, സേവനങ്ങളും അവതരിപ്പിക്കുന്നതാണു പ്രദർശനം. ഹജ്ജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും സമ്മേളനം ലക്ഷ്യംവെക്കുന്നുണ്ട്. തീർഥാടകരുടെയും ഉംറ നിർവ്വഹിക്കുന്നവരെയും സഹായിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള അവസരമാണ് സമ്മേളനമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ പറഞ്ഞു.
ഹജ്ജ് ഉംറ സേവന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ, അക്കാദമിക് പ്രമുഖർ, തീർഥാടന കാര്യ ഓഫിസുകളുടെ പ്രതിനിധികളുൾപ്പെടെ 300ലധികം വ്യക്തികളും പ്രാദേശിക-അന്തർദേശീയ പ്രദർശകരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രധിനിതീകരിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സമ്മേളനത്തിൽ സംബന്ധിക്കും.