
ലോകത്തെല്ലായിടത്തും വാക്‌സിൻ എത്താതെ കരകയറാനാകില്ലെന്ന് ആഗോള നിക്ഷേപ സമ്മേളനം
|മനുഷ്യർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ നിക്ഷേപം നടത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം
ലോകത്തെല്ലായിടത്തും കോവിഡ് വാക്‌സിൻ എത്താതെ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകില്ലെന്ന് റിയാദിൽ ആരംഭിച്ച ആഗോള നിക്ഷേപ സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലേറെ വൻകിട കമ്പനി മേധാവികളും, നിക്ഷേപകരും, നയതന്ത്രജ്ഞരുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. മൂന്ന് ദിവസം നീളുന്ന സമ്മേളനം ലോകം അനുഭവിക്കുന്ന പ്രതിസന്ധികളിലാണ് ചർച്ചയും പരിഹാരവും തേടുന്നത്. പ്രമുഖ ആക്ടിവിസ്റ്റും ഗായികയുമായ ഗ്ലോറിയ ഗെയ്‌നർ അവരുടെ ഐ വിൽ സർവൈവ് എന്ന ഹിറ്റ് ഗാനം ആലപിച്ചു കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു.
മനുഷ്യർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ നിക്ഷേപം നടത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആരോഗ്യം, വിദ്യാഭ്യാസം, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പരിസ്ഥിതി എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളും വെല്ലുവിളികളും സംഗമത്തിൽ ചർച്ചയായി. കോവിഡ് വാക്‌സിൻ എല്ലാവർക്കും എത്തിക്കാതെ ആഗോള തലത്തിലെ പ്രതിസന്ധി അവസാനിക്കില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ജമൈക്കൻ ടൂറിസം മന്ത്രി മീഡിയവണിനോട് പറഞ്ഞു. സൗദിയിലെ നിയോം, ചെങ്കടൽ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട കരാറുകളും പരിപാടിയിൽ ഒപ്പു വെച്ചു. കോവിഡ് വാക്‌സിൻ ലോകത്തുടനീളം വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യം നയതന്ത്രജ്ഞരും ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുളള രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.