< Back
Saudi Arabia
ഹജ്ജ് തീർഥാടകർക്ക് പുണ്യ സ്ഥലങ്ങളുടെ സന്ദർശനത്തിന് നുസുക് കാർഡ് നിർബന്ധമാക്കുമെന്ന് ഹജ്ജ്- ഉംറ മന്ത്രി
Saudi Arabia

ഹജ്ജ് തീർഥാടകർക്ക് പുണ്യ സ്ഥലങ്ങളുടെ സന്ദർശനത്തിന് 'നുസുക് കാർഡ്' നിർബന്ധമാക്കുമെന്ന് ഹജ്ജ്- ഉംറ മന്ത്രി

Web Desk
|
12 Nov 2025 2:00 PM IST

ജിദ്ദയിൽ നടക്കുന്ന ഹജ്ജ്-ഉംറ പ്രദർശന സമ്മേളനത്തിലാണ് പരാമർശം

റിയാദ്: ഹജ്ജ് തീർഥാടനത്തിനെത്തുന്നവർക്ക് ഇരുഹറമുകളിലേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ നുസുക് കാർഡ് നിർബന്ധമാക്കുമെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ജിദ്ദയിൽ നടക്കുന്ന ഹജ്ജ്- ഉംറ സമ്മേളനത്തിൽ 100-ലധികം മന്ത്രിമാരുടെയും മുഫ്തിമാരുടെയും സാന്നിധ്യത്തിൽ ഹജ്ജ് കാര്യാലയ മേധാവികളുമായുള്ള അർധവാർഷിക യോഗത്തിലാണ് പരാമർശം.

തീർഥാടകരുടെ സുരക്ഷയും സേവനത്തിലെ സംഘാടനവും ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളും സഹകരിച്ചാണ് നുസുക് കാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. തീർഥാടകരുടെ വിവരങ്ങളടങ്ങിയ ക്യൂആർ കോഡ്, ആരോ​ഗ്യ വിവരങ്ങൾ എന്നിവയും കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിലൂടെ ഹജ്ജിന് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സന്ദർശകരെയും തിരിച്ചറിയാം.

യോ​ഗത്തിൽ അടുത്ത ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്ത മന്ത്രി തീർഥാടകരുടെ സേവനം ഉറപ്പാക്കുന്നതിന് നിയമങ്ങൾ പുതുക്കുന്നതും ചർച്ച ചെയ്തു. കരാറുകൾ നേരത്തെ പൂർത്തിയാക്കിയ കാര്യാലയങ്ങളെ പ്രശംസിക്കുകയും ബാക്കിയുള്ളവയോട് ഉടൻ നടപടികൾ പൂർത്തിയാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന കാലയളവിൽ പാലിക്കേണ്ട നിരവധി നിയന്ത്രണ നടപടികളും യോഗത്തിൽ ചൂണ്ടിക്കാട്ടി.

വിസ ലഭിക്കുന്നതിനുള്ള അടിസ്ഥാന ആവശ്യമായി ആരോഗ്യ യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതാണ് പ്രധാന നടപടി. ഹജ്ജ് കാര്യാലയ മേധാവിയുടെയും മെഡിക്കൽ മിഷൻ തലവന്റെയും ഒപ്പോടെയായിരിക്കണം യോ​ഗ്യതാ സർട്ടിഫിക്കറ്റ്. തീർഥാടകർക്കുള്ള താമസ സജ്ജീകരണങ്ങളും ​ഗതാ​ഗത സൗകര്യങ്ങളും വേ​ഗം പൂർത്തിയാക്കണമെന്നും ഡോ. തൗഫീഖ് അൽ റബീഅ കൂട്ടിച്ചേർത്തു.

Similar Posts