< Back
Saudi Arabia
ഹജ്ജ് എക്സ്പോ സമാപിച്ചു; 60ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കാളികളായി
Saudi Arabia

ഹജ്ജ് എക്സ്പോ സമാപിച്ചു; 60ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കാളികളായി

Web Desk
|
14 Jan 2023 12:22 AM IST

ഹജ്ജ് സേവനങ്ങൾ മികവുറ്റതാക്കുന്നിനുള്ള വിവിധ പദ്ധതികളും പ്രഖ്യാപനങ്ങളും കൊണ്ട് എക്സ്പോ ശ്രദ്ധേയമായി

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നാല് ദിവസമായി നടന്ന് വന്നിരുന്ന ഹജ്ജ് എക്സ്പോ സമാപിച്ചു. അറുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുത്തു. ഹജ്ജ് സേവനങ്ങൾ മികവുറ്റതാക്കുന്നിനുള്ള വിവിധ പദ്ധതികളും പ്രഖ്യാപനങ്ങളും കൊണ്ട് എക്സ്പോ ശ്രദ്ധേയമായി.

മക്കയും മദീനയും വരുംവര്‍ഷങ്ങളില്‍ എങ്ങിനെയായിരിക്കുമെന്നതിൻ്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു നാല് ദിവസങ്ങളിലായി നടന്ന ഹജ്ജ് എക്സ്പോ. ജിദ്ദ സൂപ്പർ ഡോമിൽ അറുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത എക്സ്പോയിൽ വെച്ച് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുമായുള്ള ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിടൽ ചടങ്ങും നടന്നു. മക്ക മദീന ഗവർണർമാരും ഹജ്ജ് ഉംറ മന്ത്രിമാരും ചേർന്ന് തുടക്കം കുറിച്ച ഹജ്ജ് എക്സ്പോയിൽ പല പ്രധാന പ്രഖ്യാപനങ്ങളുമുണ്ടായി.

ഈ വർഷം കോവിഡിന് മുന്നേയുള്ള അതേ എണ്ണം ഹാജിമാർക്ക് അവസരം നൽകുമെന്നതും, തീർഥാടകരുടെ ഇൻഷൂറൻസ് തുക നാലിലൊന്നായി കുറച്ചതും, ഹജ്ജിൻ്റെ ഭാഗമായി പ്രവാചക ചരിത്രം വിശദീകരിക്കുന്ന 20 എക്സിബിഷനുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചതും ഇവയിൽ പ്രധാനപ്പെട്ടവയാണ്. മനുഷ്യകരങ്ങളാൽ നിർമിച്ച വിശുദ്ധ കഅ്ബയുടെ മുറ്റവും അതിനോട് ചേർന്നുണ്ടായിരുന്ന വീടുകളും സംസം കിണറിന്റെ ആദ്യ കാല രൂപവുമെല്ലാം കാണാനും മനസിലാക്കാനും എക്സ്പോ അവസരമൊരുക്കിയത് സന്ദർശകരെ ഏറെ ആകർഷിച്ചു.

തീർത്ഥാടകരുടെ യാത്രയും നടപടിക്രമങ്ങളും എളുപ്പമാക്കുന്നതിനായി സൗദി ജവാസാത്ത് നടപ്പാക്കുന്ന പദ്ധതികളുടെ അവതരണം ഹജ് എക്‌സ്‌പോയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. തീർഥാടകരുടെ മുഖവും, വിരലടയാളവും സ്കാൻ ചെയ്തുകൊണ്ട് ഓരോ രാജ്യത്ത് നിന്നും എത്തുന്ന തീർഥാകരുടെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളും എക്സ്പോയിൽ പ്രദർശിപ്പിച്ചു. മുൻ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പുത്തൻ അനുഭവങ്ങൾ ഈ വർഷം ഹജ്ജ് തീർഥാകർക്ക് ഉണ്ടാകുമെന്ന വ്യക്തമായ സൂചനകൾ നൽകിയാണ് ഹജ്ജ് എക്സപോ അവസാനിച്ചത്.

Related Tags :
Similar Posts