
ഹജ്ജ്; മുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകർ എത്തി
|കേരളത്തിൽ നിന്നുള്ള പകുതിയിലധികം ഹാജിമാരും മക്കയിലെത്തിയിട്ടുണ്ട്
മക്ക: ഇന്ത്യയിൽ നിന്നുള്ള മുക്കാൽ ലക്ഷം തീർത്ഥാടകർ സൗദിയിലെത്തി. മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് അവസാനിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ജിദ്ദ വഴിയാകും വരിക. കേരളത്തിൽ നിന്നുള്ള പകുതിയിലധികം ഹാജിമാരും മക്കയിലെത്തിയിട്ടുണ്ട്.
1,22,518 ഹാജിമാരാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതിൽ മുക്കാൽ ലക്ഷം ഹാജിമാർ മക്കയിലും മദീനയിലുമായി എത്തിയിട്ടുണ്ട്. 10,350 തീർത്ഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്. ഇവർ എട്ട് ദിവസം സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. കേരളത്തിൽ നിന്ന് 9,080 ഹാജിമാർ ഇതുവരെ മക്കയിൽ എത്തിയിട്ടുണ്ട്. മക്കയിലെത്തിയ മലയാളി ഹാജിമാർ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി, മക്കയിലെ ചരിത്ര സ്ഥലങ്ങളിൽ സന്ദർശനത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,07,747 ഹാജിമാർ ഇതുവരെ സൗദിയിൽ എത്തിയിട്ടുണ്ട്. ഹജ്ജിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കുകയാണ് പുണ്യ നഗരികളിൽ.