< Back
Saudi Arabia
Health Ecosystem Provides over 70,000 Medical Services to Umrah Performers from Ramadan 11 to 20
Saudi Arabia

റമദാൻ രണ്ടാം പത്ത്...; ഉംറ തീർത്ഥാടകർക്ക് ആശ്വാസമായി 70,000-ത്തിലധികം മെഡിക്കൽ സേവനങ്ങൾ നൽകി സൗദി

Web Desk
|
11 March 2026 9:17 PM IST

എമർജൻസി വിഭാഗങ്ങളിൽ 42,422 പേർ ചികിത്സ തേടി

റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ രണ്ടാം പത്തിൽ ഉംറ തീർത്ഥാടകർക്ക് 70,287 മെഡിക്കൽ സേവനങ്ങൾ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതമായും ആശ്വാസത്തോടെയും കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. സൗദി വിഷൻ 2030-ന്റെ ഭാഗമായ 'ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം', 'പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം' എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ സേവനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.

വിവിധ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ 42,422 പേർ ചികിത്സ തേടി. 24,091 ഗുണഭോക്താക്കൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി. വിവിധ വിഭാഗങ്ങളിലായി 278 ശസ്ത്രക്രിയകൾ നടന്നു. ഇതിൽ 111 ഹൃദയസംബന്ധമായ കത്തീറ്ററൈസേഷൻ നടപടികളും ഉൾപ്പെടുന്നുണ്ട്. രോഗാവസ്ഥ കണക്കിലെടുത്ത് 3,385 പേരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത് വിദഗ്ധ ചികിത്സയും നൽകി.

തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ ആരോഗ്യ വിഭാഗങ്ങൾ സംയുക്തമായാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ ചികിത്സയും ലഭ്യമാക്കുന്നത്. റമദാൻ അവസാന പത്തിലും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Similar Posts