< Back
Saudi Arabia
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി;  നനഞ്ഞ് കുതിര്‍ന്ന് തീർഥാടകർ
Saudi Arabia

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി; നനഞ്ഞ് കുതിര്‍ന്ന് തീർഥാടകർ

Web Desk
|
29 Dec 2021 9:21 PM IST

ഹറമിൽ നനഞ്ഞാണ് തീർഥാടകർ രാവിലെ കർമങ്ങൾ പൂർത്തിയാക്കിയത്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശീതക്കാറ്റും ശക്തമായി. രാജ്യത്തുടനീളം യാത്രക്കാർക്കും ജനങ്ങൾക്കും ആരോഗ്യ ജാഗ്രതാ നിർദേശമുണ്ട്. റിയാദിൽ മഴ തുടരുന്നത് കണക്കിലെടുത്ത് സീസണിലെ നാളത്തെ പരിപാടികൾ മാറ്റി. മക്ക ഹറമിൽ നനഞ്ഞാണ് തീർഥാടകർ രാവിലെ കർമങ്ങൾ പൂർത്തിയാക്കിയത്.

പുലർച്ചയോടെയാണ് മക്കാ ഹറമിൽ മഴ പെയ്തത്. തീർഥാടകർ മഴയത്ത് നമസ്കാരവും കർമങ്ങളും പൂർത്തിയായി. ഉച്ചയോടെ ആകാശം തെളിഞ്ഞു. മദീനയിലും കഴിഞ്ഞ ദിവസം മഴയെത്തിയിരുന്നു.റിയാദിലും രാവിലെ മഴചാറിത്തുടങ്ങി. ഉച്ചയോടെ റിയാദ് നഗരത്തിന് പുറത്ത് മഴ ഏറെ നേരം നിന്നു. നാളെ മുതൽ ഇവിടെ മഴക്ക് ശക്തിയേറുമെന്നാണ് പ്രവചനം. ഇത് കണക്കിലെടുത്ത് റിയാദ് സീസണിലെ നാളത്തെ പരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. അസീർ, അൽജൗഫ്, ഹാഇൽ പ്രവിശ്യകളിലും മഴയുണ്ട്.

റോഡുകളിൽ നിശ്ചിത അകലത്തിലും വേഗം കുറച്ചും യാത്ര ചെയ്യാൻ നിർദേശമുണ്ട്. ഇൻഡിക്കേറ്ററുകളും അത്യാവശ്യ ഘട്ടങ്ങളിൽ ഹസാർഡ് ലൈറ്റും പാർക്കിങ് ലൈറ്റും നിർബന്ധമായും ഉപയോഗിക്കണം. താഴ്വരകളിൽ ക്യാംപ് ചെയ്യരുത്. മല വെള്ളപ്പാച്ചിൽ മുറിച്ച് വാഹനം ഓടിച്ചാൽ പതിനായിരം റിയാൽ വരെയാണ് പിഴ. കടുത്ത തണുപ്പും ശീതക്കാറ്റും മഴയും അടക്കമുള്ള കാലാവസ്ഥയിലെ മാറ്റം കുഞ്ഞുങ്ങൾക്കും പ്രായമേറിയവർക്കും ആരോഗ്യ പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിനാൽ ഇവരെ പുറത്തിറക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീർഘ ദൂര യാത്രകൾ അത്യാവശ്യമല്ലെങ്കിൽ കനത്ത മഴയിൽ ഒഴിവാക്കണെമെന്നും മന്ത്രാലയം അറിയിച്ചു.

Similar Posts