< Back
Saudi Arabia

Saudi Arabia
കനത്ത മഴ: സൗദിയിലെ ജീസാനിൽ വാദികൾ നിറഞ്ഞൊഴുകി
|7 Aug 2024 9:24 PM IST
ഇടിയോട് കൂടിയ കനത്ത മഴയാണ് സൗദിയുടെ മലയോര മേഖലകളിൽ ലഭിച്ചത്
റിയാദ്: സൗദി അറേബ്യയിലെ ജീസാനിൽ കനത്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകി. അസീർ, അൽബഹ പ്രവിശ്യകളിലും ഇന്നലെ രാത്രി മികച്ച മഴയാണ് ലഭിച്ചത്. ഇടിയോട് കൂടിയ കനത്ത മഴയാണ് സൗദിയുടെ മലയോര മേഖലകളിൽ ലഭിച്ചത്. ജീസാൻ, അസീർ, അൽബഹ പ്രവിശ്യകളിലെ മലയോര മേഖലകളിൽ മഴ പുലർച്ചയോടെ കനത്തു. പലഭാഗത്തും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. പലയിടത്തും താഴ്‌വരകൾ നിറഞ്ഞൊഴുകി.
അസീർ പ്രവിശ്യയിലെ അമവാ, തസ്‌ലീത്, തുറൈബ് തുടങ്ങിയ ഭാഗങ്ങളിൽ റെഡ് അലേർട്ട് ഇന്ന് രാത്രി വരെ തുടരും. നജ്‌റാനിലെ ഷറൂറ, മക്ക പ്രവിശ്യയിലെ റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലും റിയാദിലെ അഫ്‌ലജ്, അൽ റെയ്ൻ, വാദി ദവാസിർ എന്നിവിടങ്ങളിലും മഴയെത്താൻ സാധ്യതയുണ്ട്. ജീസാനിലെ മലയോര മേഖലയിൽ പെട്ട ഫൈഫ ഉൾപ്പെടെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ് തുടരുകയാണ്.