< Back
Saudi Arabia
അനധികൃത ടാക്‌സി സർവീസ്: സൗദിയിൽ ഒരാഴ്ചക്കിടെ 741 പേർ പിടിയിൽ
Saudi Arabia

അനധികൃത ടാക്‌സി സർവീസ്: സൗദിയിൽ ഒരാഴ്ചക്കിടെ 741 പേർ പിടിയിൽ

Web Desk
|
26 Oct 2025 5:27 PM IST

വാഹനം പിടിച്ചെടുക്കലും കനത്ത പിഴയും ശിക്ഷ

റിയാദ്: സൗദിയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയതിന് ഒരാഴ്ചക്കിടെ 741 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ജി.ടി.എ)പിടികൂടി. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ലൈസൻസില്ലാതെ യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിച്ച 534 പേരും, നിയമം തെറ്റിച്ച് യാത്രക്കാരെ വാഹനത്തിൽ കൊണ്ടുപോയ 207 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പിടിയിലായവർക്കെതിരെ വാഹനം പിടിച്ചെടുക്കൽ, കനത്ത പിഴ ചുമത്തൽ തുടങ്ങിയ നിയമനടപടികൾ സ്വീകരിച്ചു.

ഗതാഗത രംഗത്തെ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും യാത്രാ സുരക്ഷ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പരിശോധനകളെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരെ വിളിച്ചുകയറ്റി ആവർത്തിച്ച് നിയമം തെറ്റിക്കുന്നവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോയാൽ 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ലഭിക്കാം. നിയമംലംഘിച്ച വാഹനം ലേലം ചെയ്ത് വിൽക്കാനും സാധ്യതയുണ്ട്. കൂടാതെ പ്രവാസികൾക്കെതിരെ നാടുകടത്തുന്നതുൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Similar Posts