< Back
Saudi Arabia
In Saudi Arabia, domestic workers are advised not to pay their salaries in cash
Saudi Arabia

സൗദിയിൽ വീട്ടു ജോലിക്കാരുടെ ശമ്പളം പണമായി നൽകരുതെന്ന് നിർദേശം

Web Desk
|
25 Jun 2024 10:30 PM IST

ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള ബിസിനസ്സ് ഉടമകൾക്കാണ് പുതിയ ചട്ടം ബാധകമാകുന്നത്

ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള ബിസിനസ്സ് ഉടമകൾ ശമ്പളം പണമായി കൈമാറരുതെന്ന് നിർദേശം. ജനുവരി മുതൽ ശമ്പളം കൈമാറാൻ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ് ഫോം അറിയിച്ചു. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ വാലറ്റിലെ രേഖകൾ ഉപയോഗിക്കും.

ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള ബിസിനസ്സ് ഉടമകൾക്കാണ് പുതിയ ചട്ടം ബാധകമാകുന്നത്. ഇത്തരക്കാർ തൊഴിലാളികളുടെ വേതനം പണമായി കൈമാറാൻ പാടില്ല. ശമ്പളമിടപാടുകൾ പൂർണമായും ജീവനക്കാരുടെ ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റണമെന്ന് ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം ആയ മുസാനെദ് അറിയിച്ചു. വീട്ടുജോലിക്കാരുടെ അംഗീകൃത ഡിജിറ്റൽ വാലറ്റുകളിലെ ശമ്പള ഐക്കൺ മുഖേനയാണ് കൈമാറ്റം നടത്തേണ്ടതെന്നും മുസാനെദ് വ്യക്തമാക്കി. 2025 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിലാകും.

സൗദിയിൽ പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ജൂലൈ 1 മുതൽ ഡിജിറ്റൽ വാലറ്റുകളിലൂടെ മാത്രമേ നൽകാൻ പാടുള്ളൂവെന്ന് മുസാനെദ് പ്ലാറ്റ് ഫോം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ബിസിനസ് ഉടമകൾക്കുള്ള പുതിയ നിർദേശം. ശമ്പളം പുർണമായോ ഭാഗികമായോ മുൻകൂർ കൈമാറുക, വേതനത്തിൽ കുറവോ വർധനവോ വരുത്തുക തുടങ്ങിയ സേവനങ്ങളെല്ലാം ഡിജിറ്റൽ വാലറ്റിൽ ലഭ്യമാകും. വീട്ടുജോലിക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, വേതനം വേഗത്തിലും വിശ്വസനീയമായും കൈമാറുക എന്നിവയാണ് പുതിയ മാറ്റത്തിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ജീവനക്കാരുടെ ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ വാലറ്റിലെ രേഖകൾ ഉപയോഗിക്കും.


Similar Posts