< Back
Saudi Arabia
Increase in food self-sufficiency in Saudi Arabia; exceeds 100% in many items
Saudi Arabia

സൗദിയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സ്വയംപര്യാപ്തതയിൽ വർധന

Web Desk
|
11 Dec 2025 8:26 PM IST

നിരവധി ഇനങ്ങളിൽ 100% കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സ്വയംപര്യാപ്തത നിരക്ക് ഗണ്യമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ട്. 2024ലെ ഭക്ഷ്യസുരക്ഷാ കണക്കുകളാണ് പുറത്തുവിട്ടത്. സസ്യാഹാരവും മാംസ്യാഹാരവുമടങ്ങുന്ന നിരവധി ഭക്ഷ്യോൽപന്നങ്ങളിൽ തദ്ദേശീയ ഉൽപാദന വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതായി കണക്കുകൾ സൂചിപ്പിച്ചു. നിരവധി ഇനങ്ങളിൽ 100ശതമാനത്തിനു മുകളിൽ സ്വയംപര്യാപ്തത നേടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കാർഷിക വിപണിയിൽ വൻ തോതിലുള്ള സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. പച്ചക്കറി ഇനങ്ങളാണ് ഇതിൽ ഏറ്റവും വലിയ വളർച്ച നേടിയത്. വഴുതനങ്ങ 105%, വെണ്ടയ്ക്ക 102%, വെള്ളരിക്ക 101% എന്നിങ്ങനെ എത്തിയപ്പോൾ സുക്കിനി 100% സ്വയംപര്യാപ്തത കൈവരിച്ചു. തണ്ണിമത്തൻ 98%, കുമ്പളങ്ങ 94%, ഉരുളക്കിഴങ്ങ് 93% എന്നിങ്ങനെ കുറച്ച് ഇനങ്ങൾ ഉയർന്ന നിലയിൽ തുടർന്നു. തക്കാളി 83%, കുരുമുളക് 78%, ഉള്ളി 72%, കാന്താരി 66% എന്നിങ്ങനെയാണ് മറ്റു ഇനങ്ങൾ.

പഴ വർ​ഗങ്ങളിൽ 121% രേഖപ്പെടുത്തി ഈത്തപ്പഴം മുൻ നിരയിൽ സ്ഥാനമുറപ്പിച്ചു. അത്തിപ്പഴം 99%, മുന്തിരി 65%, മാങ്ങ 55% എന്നിങ്ങനെ വിളവെടുത്തു. നാരങ്ങ, പീച്ച്, മാതളനാരങ്ങ തുടങ്ങിയ മറ്റു ഇനങ്ങൾ 25% മുതൽ 46% വരെയും സ്വയംപര്യാപ്തത രേഖപ്പെടുത്തി.

മാംസ്യ ഉത്പന്നങ്ങളിൽ ചെമ്മീൻ 149% സ്വയംപര്യാപ്തത നിരക്കോടെ മുന്നിലെത്തി. 131% രേഖപ്പെടുത്തി പാലുൽപന്നങ്ങളാണ് തൊട്ടു പിന്നിൽ. മുട്ട ഉൽപാദനത്തിൽ 103% ആണ് സ്വയംപര്യാപ്തത. മാംസ മേഖലയിൽ കോഴിയിറച്ചി 72%, റെഡ് മീറ്റ് 62%, മത്സ്യം 52% എന്നിങ്ങനെയാണ് വളർച്ച കൈവരിച്ചത്.

2024ലെ ഒരു വ്യക്തിക്ക് ശരാശരി ഭക്ഷ്യ ഉപഭോഗം എത്രയാണെന്ന സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടിലുണ്ട്. അരിയുടെ ശരാശരി വ്യക്തിഗത ഉപഭോഗം പ്രതിവർഷം 52.1 കിലോഗ്രാം ആയി. ഈന്തപ്പഴം ഏകദേശം 35.8 കിലോഗ്രാം ആയി രണ്ടാം സ്ഥാനത്തെത്തി. ഉള്ളിയുടെ പ്രതിശീർഷ ഉപഭോഗം 20.5 കിലോഗ്രാം ആയിരുന്നു. തക്കാളി 19.6 കിലോഗ്രാം ആണ്. വാഴപ്പഴം, ഓറഞ്ച് തുടങ്ങിയ സാധാരണ പഴങ്ങളുടെ ഉപഭോഗം ഏകദേശം 12 കിലോഗ്രാം ആയിരുന്നു.

മൃഗോൽപന്നങ്ങളിൽ പാലിന്റെ വാർഷിക പ്രതിശീർഷ ഉപഭോഗം 70.3 ലിറ്ററിലും കോഴിയിറച്ചിയുടെ വാർഷിക പ്രതിശീർഷ ഉപഭോഗം 46.9 കിലോഗ്രാമിലും എത്തി. കൂടാതെ വർഷം തോറും ഒരാൾക്ക് 235 മുട്ടകളുമാണ് റിപ്പോർട്ടിൽ പറയുന്നത്. തദ്ദേശീയ ഉൽപാദനം വർധിപ്പിച്ചും വിതരണ ശൃംഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തിയും സൗദി അറേബ്യ ഭക്ഷ്യസുരക്ഷയിൽ ശക്തമായ പുരോഗതി കൈവരിച്ചതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു.

Similar Posts