< Back
Saudi Arabia
Indian all-party delegation to Saudi Arabia to hold talks today
Saudi Arabia

സൗദിയിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം ഇന്ന് ചർച്ചകൾ നടത്തും

Web Desk
|
28 May 2025 11:40 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സൗന്ദർശനത്തിനിടെയായിരുന്നു പെഹൽഗാം ഭീകരാക്രമണം

റിയാദ്: അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ സൗദിയിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം ഇന്ന് ചർച്ചകൾ നടത്തും. ഭീകരത തടയാൻ സൗദി മന്ത്രിതലത്തിലും വകുപ്പുകളുമായും സംഘം ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സൗന്ദർശനത്തിനിടെയായിരുന്നു പെഹൽഗാം ഭീകരാക്രമണം. ഇതുൾപ്പെടെ രണ്ട് ദിവസത്തെ സന്ദർശനത്തിൽ സർവകക്ഷി സംഘം സൗദിയിൽ വിശദീകരിക്കും. ഇന്ന് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നയം വ്യക്തമാക്കുകയാണ് ലക്ഷ്യം. ഒപ്പം വിഷയത്തിൽ സൗദിയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. വ്യാഴാഴ്ച എംബസി ക്ഷണിച്ച ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും.

മുതിർന്ന ബിജെപി നേതാവും ലോക്‌സഭാംഗവുമായ ബൈജയന്ത് പാണ്ഡെ നയിക്കുന്ന സംഘത്തിൽ മൂന്ന് ബിജെപി എംപിമാർക്ക് പുറമെ, അസദുദ്ദീൻ ഒവൈസി എംപി, മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ഹർഷ് ശ്രിംഗ്ല എന്നിവരും ഉൾപ്പെടുന്നു. ഇന്ത്യ-സൗദി പാർലമെന്ററി സൗഹൃദ കമ്മിറ്റിയുടെ ചെയർമാൻ മേജർ ജനറൽ അബ്ദുറഹ്‌മാൻ അൽ ഹർബിയാണ് സംഘത്തെ ഇന്നലെ സ്വീകരിച്ചത്. അതേസമയം, ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന ഗുലാം നബി ആസാദ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സൗദിക്ക് ശേഷം അൾജീരിയയിലേക്കാകും സംഘത്തിന്റെ യാത്ര.

Similar Posts