< Back
Saudi Arabia
സൗദിയിൽ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‍ച്ച തുറക്കും
Saudi Arabia

സൗദിയിൽ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‍ച്ച തുറക്കും

Web Desk
|
11 Sept 2021 10:44 PM IST

ഒമ്പത് മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളാണ് സാധാരണ നിലയിലേക്ക് മാറുന്നത്

സെപ്തംബർ 13 മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ സാധാരണ പോലെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്. വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതർക്ക് സമർപ്പിക്കേണ്ടതാണ്. രാവിലെ 8 മുതൽ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അധ്യായന സമയം ക്രമീകരിച്ചിട്ടുള്ളത്.


ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്തംബർ 13 മുതലും, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്തംബർ 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ഗതാഗത സൗകര്യവും കാന്റീൻ സൗകര്യവും ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ജൂബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകൾ സെപ്തംബർ 13 മുതൽ ആരംഭിക്കും. സെപ്തംബർ 26 മുതലാണ് ജുബൈലിൽ 9, 10 ക്ലാസുകൾ സാധാരണ പോലെ ആരംഭിക്കുക. ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് സെപ്തംബർ 13നും. പതിനൊന്നാം ക്ലാസ് സെപ്തംബർ 14നും ആരംഭിക്കും. പത്താം ക്ലാസ് സെപ്തംബർ 20നും, ഒമ്പതാം ക്ലാസ് സെപ്തംബർ 21നുമാണ് സാധാരണ പോലെ പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചക്ക് 12.45 വരെയാണ് ദമ്മാം സ്‌കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഘട്ടം ഘട്ടമായാണ് മറ്റുള്ള ക്ലാസുകളിലും സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങുക.

Related Tags :
Similar Posts