
പ്രതീകാത്മക ചിത്രം
സൗദിയിലെ അല്‍ഖോബാറില്‍ ജോലിയും ശമ്പളവുമില്ലാതെ ഇന്ത്യക്കാര്‍ ദുരിതത്തില്‍
|ഇന്ത്യന്‍ എംബസിക്കും കേന്ദ്ര സര്‍ക്കാറിനും പരാതികള്‍ നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
സൗദിയിലെ അല്‍ഖോബാറില്‍ ജോലിയും ശമ്പളവുമില്ലാതെ പതിനഞ്ചോളം ഇന്ത്യക്കാര്‍ ദുരിതത്തില്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് ഇരുപത് മാസമായി താമസരേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സുമില്ലാതെ പ്രയാസത്തില്‍ കഴിയുന്നത്. ഇന്ത്യന്‍ എംബസിക്കും കേന്ദ്ര സര്‍ക്കാറിനും പരാതികള്‍ നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
അഞ്ച് മുതല്‍ ഇരുപത് വര്‍ഷം വരെയായി കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ് ദുരിതത്തില്‍ കഴിയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് കമ്പനി പ്രതിസന്ധിയിലായത്. ശേഷം ആരുടെയും ഇഖാമ പുതുക്കിയിട്ടില്ല. ഇരുപത് മാസത്തെ ശമ്പളം കുടിശ്ശികയാണ്. സൗദി ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പുറമേ ഇന്ത്യന്‍ എംബസിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും പരാതികള്‍ നല്‍കി. ഇതിനിടെ ഒരാള്‍ക്ക് പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലുമായി.
ഉറ്റ ബന്ധുക്കളുടെ മരണത്തിലും കല്യാണത്തിലും ഉള്‍പ്പെടെ പങ്കെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് പലരും.മെഡിക്കല്‍ ഇന്‍ഷൂറന്‍സും താമസ രേഖയുമില്ലാ്ത്തതിനാല്‍ ചികില്‍സ പോലും തേടാന്‍ കഴിയുന്നില്ല.നാല് പേരുടെ കുടുംബവും കൂടെയുണ്ട്. മക്കളുടെ സ്‌കൂള്‍ ഫീസ് അടക്കാത്തതിനാല്‍ കുട്ടികള്ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയുന്നില്ല. താമസ കെട്ടിടത്തിന്റെ വാടക നല്‍കാത്തതിനാല്‍ ഏത് സമയവും കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലുമാണിവര്‍.