< Back
Saudi Arabia
സൗദി ഫാർമസി മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു
Saudi Arabia

സൗദി ഫാർമസി മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

Web Desk
|
27 July 2025 9:38 PM IST

ആറ് മാസം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നടപ്പിലായതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്: സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ 35 മുതൽ 65 ശതമാനം വരെസ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു. ആറ് മാസം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നടപ്പിലായതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും.

കഴിഞ്ഞ ജനുവരി 26-ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഫാർമസി മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയാണ് ഇപ്പോൾ കർശനമായി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അനുവദിച്ച ആറ് മാസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. സൗദി പൗരന്മാരെ ഉൽപ്പാദനക്ഷമമാക്കുകയും, അവർക്ക് സ്ഥിരതയുള്ളതും ഉത്തേജകവുമായ തൊഴിൽ അന്തരീക്ഷം രാജ്യത്തുടനീളം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചുള്ള ഈ നീക്കം തൊഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

വിവിധ വിഭാഗങ്ങളിലെ സ്വദേശിവത്കരണ നിരക്കുകൾ:

ജനറൽ ഫാർമസികളിലും സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്‌സുകളിലെ ഫാർമസികളിലും: 35%

ആശുപത്രി ഫാർമസികളിൽ: 65%

ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ, മരുന്ന് മൊത്തവിതരണ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ: 55%

ഈ പുതിയ നിയമം ജനറൽ ഫാർമസികൾ, സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്‌സുകളിലെ ഫാർമസികൾ, ആശുപത്രിക്കകത്തെ ഫാർമസികൾ എന്നിവിടങ്ങളിലെല്ലാം ബാധകമാകും.

ജനറൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഫാർമസിസ്റ്റ്, ഫാർമസി ടെക്‌നീഷ്യൻ എന്നിവയുൾപ്പെടെ 22 അംഗീകൃത തൊഴിലുകളാണ് സ്വദേശിവൽക്കരണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വദേശി ഫാർമസിസ്റ്റിന്റെ ഏറ്റവും കുറഞ്ഞ വേതനം 7000 റിയാൽ ആയി നിശ്ചയിച്ചുള്ള ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിലായി. ഫാർമസിസ്റ്റ് മേഖലയിലെ സ്വദേശിവത്കരണ അനുപാതം കണക്കാക്കുന്നതിന് അടിസ്ഥാന വേതന നിയമവും പരിഗണിക്കപ്പെടും.

പദ്ധതി നടപ്പിലാക്കാൻ തയ്യാറാകാത്ത സ്ഥാപനങ്ങൾ പിഴയുൾപ്പെടെയുള്ള നിയമ നടപടികൾക്കും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സേവനങ്ങൾക്ക് വിലക്കും നേരിടേണ്ടി വരും.

Similar Posts