
ബില്ലിംഗ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കല്‍; സ്ഥാപനങ്ങളില്‍ മുന്നൊരുക്കം പൂർത്തിയാക്കുന്നു
|റിയാദിലെ മുൻനിര സ്ഥാപനങ്ങൾ ഇതിനായി സ്ഥാപനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി തുടങ്ങി
ദമ്മാം: സൗദിയില്‍ ഇലക്ട്രോണിക് ബില്ലുകള്‍ സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നടപടികൾ ആരംഭിക്കാനിരിക്കെ സ്ഥാപനങ്ങൾ മുന്നൊരുക്കം പൂർത്തിയാക്കുന്നു. രണ്ടാം ഘട്ടം പുതുവർഷത്തിലും മൂന്നാം ഘട്ടം അടുത്ത ജൂലൈ മാസത്തിലുമാണ് പ്രാബല്യത്തിൽ വരിക. റിയാദിലെ മുൻനിര സ്ഥാപനങ്ങൾ ഇതിനായി സ്ഥാപനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി തുടങ്ങി. രാജ്യത്ത് ഇലക്ട്രോണിക് ഇന്‍വോയ്സുകള്‍ ടാക്സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങൾ പ്രഖ്യാപിച്ചതോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് ബാധകമാകും.
2021 വര്‍ഷത്തില്‍ അര ബില്യണിലധികം നികുതി രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. ഇത് നടപ്പാകുന്നതോടെ സ്ഥാപനത്തിലെ വിൽപന വിവരങ്ങൾ സൗദിയിലെ ടാക്സ് അതോറിറ്റിക്ക് ലഭ്യമാകും. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വൻതുക പിഴ ഈടാക്കും. സ്ഥാപനങ്ങൾക്ക് വേണ്ട സോഫ്റ്റ് വെയറുകളും പി.ഒ.എസ് മെഷീനുകളും നൽകുന്ന തിരക്കിലാണ് സൗദിയിലെ അദ്‍വാ അൽ ഷുജാ. ഓരോ ഘട്ടത്തിലും സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഇൻവോയ്സ് സോഫ്റ്റ് വെയറിലുൾപ്പെടെ മാറ്റം വരുത്താൻ മന്ത്രാലയം സാവകാശം നൽകിയിരുന്നു. ജൂലൈ മുതലുള്ള ഘട്ടത്തോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് ചട്ടം ബാധകമാകും. അതിനു മുന്നേ സ്ഥാപനത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. ഇതിന് സഹായിക്കാൻ അദ്‍വാ അൽ ഷുജക്ക് സാധിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.