< Back
Saudi Arabia
അന്താരാഷ്ട്ര ഖുർആൻ മത്സരം സമാപിച്ചു; ജേതാക്കളായി സൗദി ബംഗ്ലാദേശ് ഫ്രഞ്ച് സ്വദേശികൾ
Saudi Arabia

അന്താരാഷ്ട്ര ഖുർആൻ മത്സരം സമാപിച്ചു; ജേതാക്കളായി സൗദി ബംഗ്ലാദേശ് ഫ്രഞ്ച് സ്വദേശികൾ

Web Desk
|
22 Aug 2024 11:02 PM IST

ഇന്ത്യയുൾപ്പെടെ 123 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലേറെ പേർ മത്സരത്തിൽ പങ്കെടുത്തു

മക്ക: അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ സൗദി, ബംഗ്ലാദേശ്, ഫ്രാൻസ് സ്വദേശികൾ ജേതാക്കളായി. എട്ടു കോടിയിലേറെ രൂപയായിരുന്നു ആകെ സമ്മാനം. മക്കയിൽ വെച്ച് ഡെപ്യൂട്ടി ഗവർണർ വിജയികളെ ആദരിച്ചു. ഇന്ത്യയുൾപ്പെടെ 123 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലേറെ പേരാണ് പങ്കെടുത്തിരുന്നത്. ഓഗസ്റ്റ് 10നാണ് മക്കയിൽ 43ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന്റെ ഫൈനൽ റൗണ്ട് ആരംഭിച്ചത്. 11 ദിവസം നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ 123 രാജ്യങ്ങളിൽ നിന്നുള്ള 174 മത്സരാർത്ഥികൾ പങ്കെടുത്തു.

ഖുർആൻ മനഃപാഠം, പാരായണം, വ്യാഖ്യാനം, തുടങ്ങി 5 വിഭാഗങ്ങളിലായിരുന്നു മത്സരം. സൗദി അറേബ്യയിൽ നിന്നുള്ള സഅദ് ബിൻ ഇബ്രാഹിം ബിൻ ഹമദ് അൽ-റുവൈതി മനപാഠം വിഭാഗത്തിൽ ഒന്നാമതായി. ഒരു കോടി പത്ത് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ച സമ്മാന തുക. ഖുർആൻ പാരായണ, വ്യാഖ്യാന വിഭാഗത്തിൽ സൗദിയിൽ നിന്നുളള ജാബർ ബിൻ ഹുസൈൻ അൽ-മാലികിയാണ് ഒന്നാം സമ്മാനത്തെത്തിയത്. 66 ലക്ഷത്തോളം രൂപയായിരുന്നു സമ്മാനം. ബംഗ്ലാദേശിൽ നിന്നുള്ള അനസ് ബിൻ അതീഖ് ഖുർആൻ പാരായണ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. സമ്മാന തുകയായി ഇദ്ദേഹത്തിന് ലഭിച്ചത് 44 ലക്ഷത്തോളം രൂപയാണ്.

32 ലക്ഷത്തിലധികം രൂപ സമ്മാനം നേടിയ ബംഗ്ലാദേശിൽ നിന്നുള്ള മൊവാസ് മഹ്‌മൂദും നാലാം വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാൻസിൽ നിന്നുള്ള ബിലാൽ അഹമ്മദ് സുലൈമാൻ അഞ്ചാം വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. ഇദ്ദേഹത്തിന് 14 ലക്ഷം രൂപയാണ് സമ്മാനം. മക്ക ഡെപ്പ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ജനറൽ സൂപ്പർവൈസറും ഇസ്ലാമികാര്യ മന്ത്രിയുമായ അബ്ദുലത്തീഫ് ആലുഷെയ്ഖ് വിജയികളെ അഭിനന്ദിച്ചു.


Similar Posts