
നവോദയ സംഘടിപ്പിക്കുന്ന 'കലാമിക 2025' മെയ് 9ന്
|ദമ്മാം ഫൈസലിയയിൽ വെച്ചാണ് പരിപാടി
ദമ്മാം: നവോദയ സാംസ്‌കാരിക വേദി, കിഴക്കൻ പ്രവിശ്യ കേന്ദ്രകുടുംബവേദിയുടെ നേതൃത്വത്തിൽ കലാമിക 2025 എന്ന പേരിൽ കലാപരിപാടി സംഘടിപ്പിക്കുന്നു. മെയ് 9ന് ദമ്മാം ഫൈസലിയയിൽ വെച്ചാണ് പരിപാടി. കേരളത്തിന്റെയും മറ്റു ഇതര സംസ്ഥാനങ്ങളുടെയും കലാസാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന വർണ്ണാഭമായ പരിപാടികളാണ് അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു. നവോദയ കുടുംബവേദിക്ക് കീഴിലുള്ള 22 യൂണിറ്റുകളിൽ നിന്നുള്ള 450 ഓളം കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. സംഗീതശില്പം, സ്‌കിറ്റുകൾ, ഒപ്പന, തിരുവാതിര, മാർഗ്ഗംകളി എന്നിവയും പരിപാടിയുടെ ഭാഗമാകും.
പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിച്ചു. യോഗം നവോദയ രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറ ഉദ്ഘാടനം ചെയ്തു. അനുരാജേഷ് ചെയർ പേഴ്‌സണും, മനോജ് പുത്തൂരാൻ ജനറൽ കൺവീനറും ആയി 250 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. രക്ഷാധികാരികളായി ബഷീർ വാരോട്, പവനൻ മൂലക്കീൽ, കൃഷ്ണകുമാർ ചവറ എന്നിവരും, ക്രൈസിസ് മാനേജ്മന്റ് ടീം ആയി രഞ്ജിത്ത് വടകര, ഷമീം നാണത്ത്, ഷാനവാസ് എന്നിവരും കൂടാതെ വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.