
'സൗദിയിൽ കുടുങ്ങിയ ഇറാൻ തീർഥാടകർക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കണം'; പ്രത്യേക ഉത്തരവുമായി സൽമാൻ രാജാവ്
|ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ വ്യോമ മേഖല അടച്ചതോടെയാണ് നിരവധി ഹാജിമാർ സൗദിയിൽ കുടുങ്ങിയത്
റിയാദ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വ്യോമ മേഖല അടച്ചതോടെ രാജ്യത്ത് കുടുങ്ങിയ ഇറാൻ തീർഥാടകർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് സൗദി. സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം.
ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇറാൻ-ഇസ്രായേൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതും വ്യോമ പാതകൾ അടച്ചതും. ഇതോടെ നിരവധി ഹാജിമാർക്ക് സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ വന്നു. ഈ സാഹചര്യത്തിലാണ് തീർഥാടകർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നത് വരെ എല്ലാ സഹായങ്ങളും നൽകാൻ സൗദി ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇത്തവണ 90,000-ത്തിലധികം ഇറാൻ തീർത്ഥാടകരാണ് ഹജ്ജിനായി സൗദി അറേബ്യയിൽ എത്തിയത്. ഹജ്ജ് അവസാനിച്ചതിന് തൊട്ടുപിന്നാലെ സംഘർഷം ആരംഭിച്ചതിനാൽ ഭൂരിഭാഗം തീർത്ഥാടകരും നിലവിൽ രാജ്യം വിടാനാകാത്ത അവസ്ഥയിലാണ്.
അതേസമയം, മേഖലയിലെ സംഘർഷം ശാന്തമാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും സൗദി അറേബ്യയുടെ നേതൃത്വത്തിൽ സജീവമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങൾ.