< Back
Saudi Arabia
കിങ് സൽമാൻ ഖുർആൻ പാരായണ മത്സരം: സമ്മാനത്തുക 90 ലക്ഷം റിയാലായി ഉയർത്തി
Saudi Arabia

കിങ് സൽമാൻ ഖുർആൻ പാരായണ മത്സരം: സമ്മാനത്തുക 90 ലക്ഷം റിയാലായി ഉയർത്തി

Web Desk
|
22 Feb 2026 6:00 PM IST

വിജയികളുടെ എണ്ണത്തിലും വർധനവ്

സൗദിയിൽ സ്വദേശി പൗരന്മാർക്കായി നടത്തുന്ന കിങ് സൽമാൻ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവയ്ക്കുള്ള ദേശീയ മത്സരത്തിന്റെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ചു. മത്സരത്തിന്റെ ആകെ സമ്മാനത്തുക 90 ലക്ഷം റിയാലായി ഉയർത്തിയതായി ഇസ്ലാമിക കാര്യ മന്ത്രിയും മത്സരത്തിന്റെ ജനറൽ സൂപ്പർവൈസറുമായ ശൈഖ് അബ്ദുൽ ലത്തീഫ് അൽ ശൈഖ് അറിയിച്ചു. നിലവിൽ 70 ലക്ഷം റിയാലാണ് ആകെ സമ്മാനത്തുക. ഈ വർഷത്തെ മത്സരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. അടുത്ത വർഷത്തെ മത്സരങ്ങളിലായിരിക്കും സമ്മാനത്തുക ഉയർത്തുക.

അടുത്ത വർഷം നടക്കുന്ന 28മത് സെഷൻ മുതൽ ആറ് വിഭാഗങ്ങളിലായി പ്രഖ്യാപിക്കുന്ന വിജയികളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ പ്രതിഭകളെ ഖുർആൻ പഠനത്തിലേക്ക് ആകർഷിക്കാനും അവർക്ക് അർഹമായ അംഗീകാരം നൽകാനുമാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വിശുദ്ധ ഖുർആനെയും അതിന്റെ വാഹകരേയും ആദരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന സവിശേഷമായ പരിഗണനയുടെ പ്രതിഫലനമാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയെ ഖുർആന്റെ അധ്യാപനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും മികച്ച രീതിയിലുള്ള മത്സരാന്തരീക്ഷം സൃഷ്ടിക്കാനും ഈ വർധനവ് സഹായിക്കും. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി മത്സരത്തിന്റെ സംഘാടനം, സാങ്കേതിക വിദ്യ, മാധ്യമ പ്രവർത്തനം എന്നിവയിൽ വലിയ മാറ്റങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. ഖുർആൻ സേവനരംഗത്ത് ലോകത്തിന് തന്നെ മാതൃകയാകുന്ന ഇത്തരം പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Similar Posts