ജീവൻ രക്ഷാ പരിശീലനം: 'പ്രജീരധം-2' വിജയകരമായി പൂർത്തിയായി; പ്രവാസികൾക്ക് ആത്മവിശ്വാസം പകർന്ന് മലപ്പുറം ജില്ലാ വെൽഫെയർ വിങ്
|റിയാദ്: അടിയന്തിര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രവാസികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'പ്രജീരധം-2 (പ്രാഥമിക ജീവൻ രക്ഷാ ധർമ്മം)' റെസ്‌ക്യൂ ട്രെയിനിംഗ് ക്യാമ്പ് വൻ വിജയമായി. 2025 ഒക്ടോബർ 10-ന് റിയാദിലെ ബത്ഹയിലുള്ള നൂർ ഓഡിറ്റോറിയത്തിൽ വെച്ചാണ് സമഗ്ര പരിശീലനം നടന്നത്.
മുൻപ് നടത്തിയ 'പ്രജീരധം-1' ക്യാമ്പിന്റെ തുടർച്ചയായി സംഘടിപ്പിച്ച ഈ പരിശീലന പരിപാടിയിൽ, ഹൃദയാഘാതം, ശ്വാസംമുട്ടൽ, അപകടങ്ങൾ തുടങ്ങിയ അത്യാഹിത ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായകമായ പ്രാഥമിക ശുശ്രൂഷാ അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ പകർന്നു നൽകി. ആദ്യത്തെ നിർണ്ണായക നിമിഷങ്ങളിൽ ശരിയായ അറിവോടെ ഇടപഴകാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതിൽ ഈ പരിശീലനം നിർണായകമായി.
ഷറഫു പുളിക്കൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് കരീം അപ്പത്തിൽ ഖിറാഅത്ത് പാരായണം ചെയ്തു തുടക്കം കുറിച്ചു. ഇസഹാഖ് താനൂർ സ്വാഗതം ആശംസിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഡ്വക്കേറ്റ് അനീർ ബാബു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബാനേഷ് അബ്ദുള്ള ക്യാമ്പിന് ഉദ്ബോധനം ചെയ്തുകൊണ്ട് അഭിസംബോധന ചെയ്തു സംസാരിച്ചു.
തുടർന്ന് നടന്ന ആശംസാ പ്രസംഗത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെഎംസിസി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ എന്നിവർ സംസാരിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ മുനീർ വാഴക്കാട്, റിയാദ് സെന്റർ കമ്മിറ്റി ഭാരവാഹികളായ സിറാജ് മേടപ്പിൽ, അഷറഫ് കൽപകഞ്ചേരി തുടങ്ങിയവരും വിവിധ മണ്ഡലം കെഎംസിസി ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു.
പരിശീലന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ധൈര്യത്തോടെ ഇടപഴകാനും മറ്റുള്ളവർക്ക് ആശ്വാസമാകാനും കഴിവുള്ള ഒരു സമൂഹം രൂപപ്പെടുന്നതിൽ ഈ പരിശീലനം നിർണായകമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് നൗഫൽ തിരൂർ നന്ദി രേഖപ്പെടുത്തി.